കാസർഗോഡ്: ദേശീയപാതയോരത്ത് നിന്നിരുന്ന യുവാവിനെ കാറിലെത്തിയ അഞ്ചംഗസംഘം പകൽസമയത്ത് തട്ടിക്കൊണ്ടുപോയി. മേൽപ്പറമ്പ് സ്വദേശി ഹനീഫയെയാണ് കറന്തക്കാട്ടെ ഹോട്ടലിന് മുന്നിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. കർണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ സംയുക്ത നീക്കത്തിനൊടുവിൽ സകലേശ്പുരിന് സമീപം വെച്ച് പ്രതികളെ പിടികൂടി.(Man kidnapped from Kasaragod in movie style, Five-member gang arrested in Karnataka)
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കറന്തക്കാട് ആര്യഭവൻ ഹോട്ടലിന് മുന്നിലെ സർവീസ് റോഡിൽ വെച്ചായിരുന്നു സംഭവം. ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയത്. ഹനീഫയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങൾ കൈമാറിയതിനെത്തുടർന്ന് കർണാടക പോലീസിന്റെ സഹായത്തോടെ സകലേശ്പുരിൽ വെച്ച് സംഘത്തെ തടയുകയായിരുന്നു. തട്ടിക്കൊണ്ടുപോയ ഹനീഫയെ പോലീസ് മോചിപ്പിച്ചു. രാത്രിയോടെ കാസർകോട് ടൗൺ എസ്.ഐ സജിമോൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെയും യുവാവിനെയും കാസർകോട്ടെത്തിച്ചു.
സാമ്പത്തിക ഇടപാടുകളെത്തുടർന്നുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് ദിവസമായി സംഘം ഹനീഫയെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബേക്കൽ സ്വദേശിയായ ശരീഫ് എന്നയാളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.