മലപ്പുറം: തെന്നലയിൽ കാർ യാത്രക്കാരനെ ആക്രമിച്ച് രണ്ട് കോടി രൂപ കവർന്ന കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കൂരിയാട് സ്വദേശി ഏറിയാടൻ സാദിഖ് അലിയെയാണ് പോലീസ് പിടികൂടിയത്. പണം നഷ്ടപ്പെട്ട തെന്നല സ്വദേശി പറമ്പിൽ മുഹമ്മദ് ഹനീഫയുടെ ജോലിക്കാരനാണ് അറസ്റ്റിലായ സാദിഖ് അലി.(Suspect arrested in case of assaulting car passenger and robbing him of Rs 2 crores in Malappuram)
ഓഗസ്റ്റ് 14-ന് രാത്രിയിലാണ് പ്രവാസിയായ മുഹമ്മദ് ഹനീഫ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി നാലംഗ സംഘം രണ്ട് കോടി രൂപ കവർന്നത്. തന്റെ മുതലാളി വലിയ തുകയുമായി യാത്ര ചെയ്യുന്നുണ്ടെന്ന വിവരം സാദിഖ് അലിയാണ് ക്വട്ടേഷൻ സംഘത്തിന് കൈമാറിയത്. കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ച കാർ വാങ്ങി നൽകിയതും സാദിഖാണെന്ന് പോലീസ് കണ്ടെത്തി. കൃത്യത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു.
പണം തട്ടിയ സംഘത്തെ പിന്തുടർന്ന് പോലീസ് ആദ്യം ഗോവയിൽ എത്തിയെങ്കിലും പ്രതികൾ പിന്നീട് കോഴിക്കോട്ടേക്ക് കടന്നു. അവിടെ നടത്തിയ പരിശോധനയിലാണ് പ്രതികളായ മലപ്പുറം തിരൂരങ്ങാടി സ്വദേശി കരീം, പരപ്പനങ്ങാടി സ്വദേശി രജീഷ് എന്നിവർ ആദ്യം പിടിയിലായത്. തുടർന്ന് തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശിയായ മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിയിലായവർ പ്രൊഫഷണൽ ക്വട്ടേഷൻ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇത് സാദിഖ് അലി നൽകിയ ക്വട്ടേഷനാണെന്ന് തെളിഞ്ഞത്. ഹനീഫയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന സാദിഖ്, തുക തട്ടിയെടുക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ പദ്ധതി തയ്യാറാക്കുകയായിരുന്നു.