കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. പത്മകുമാറിന്റെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റി ഹൈക്കോടതി. കേസ് അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും പെട്ടെന്ന് തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് നിരീക്ഷിച്ചു.(High Court postpones consideration of A Padmakumar's bail plea in Sabarimala gold theft case)
ഹർജി പരിഗണിച്ച ഉടൻ തന്നെ കേസിന്റെ ഗൗരവത്തെക്കുറിച്ച് കോടതി പരാമർശിച്ചു. "ഇത് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയുന്ന കേസല്ല, വിശദമായ വാദം കേൾക്കേണ്ടതുണ്ട്" എന്ന് കോടതി വ്യക്തമാക്കി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ക്രിസ്മസ് അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചേക്കുമെന്നാണ് സൂചന.
വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പത്മകുമാർ ഹൈക്കോടതിയെ സമീപിച്ചത്. പത്മകുമാറിനെതിരെ നിലവിലുള്ള രണ്ട് കേസുകളിൽ ഒരെണ്ണത്തിലാണ് ഇപ്പോൾ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. വിജിലൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീൽ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.