കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ പോലീസ് കേസെടുത്തു. കേസിലെ വിധി വന്നതിന് പിന്നാലെ മാർട്ടിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.(Case registered against Martin Antony for making video revealing the name of the survivor of Actress assault case)
തന്റെ പേര് പരാമർശിച്ചും സ്വകാര്യത ലംഘിച്ചും വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
മാർട്ടിൻ ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയിൽ, നടിയെ അധിക്ഷേപിക്കുന്നതിനൊപ്പം അന്വേഷണ സംഘത്തിനെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. വീഡിയോ പ്രചരിപ്പിച്ചവരെയും കേസിൽ പ്രതിചേർക്കാനാണ് പോലീസിന്റെ നീക്കം. വീഡിയോ പങ്കുവെച്ച 27 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് ഇതിനോടകം തിരിച്ചറിഞ്ഞു. ഈ വീഡിയോയുമായി ബന്ധപ്പെട്ട 27 ലിങ്കുകളും സൈബർ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.