കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന 16കാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മ മഞ്ജുഷയ്ക്കും കാമുകൻ അനീഷിനും തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.(16-year-old girl’s murder case, High Court upholds life sentence for mother and boyfriend)
2019 ജൂൺ 10-നാണ് കേരളത്തെ നടുക്കിയ ഈ കൊലപാതകം നടന്നത്. ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന മഞ്ജുഷയും അയൽവാസിയായ അനീഷും തമ്മിലുള്ള ബന്ധത്തെ മകൾ മീര എതിർത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മീരയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച ശേഷം, ബോധരഹിതയായ പെൺകുട്ടിയെ ബൈക്കിലിരുത്തി അനീഷിന്റെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. മകളെയും കൊച്ചുമകളെയും കാണാനില്ലെന്ന് കാണിച്ച് മഞ്ജുഷയുടെ മാതാവ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മഞ്ജുഷയും അനീഷും നാഗർകോവിലിലേക്ക് കടന്നു. അവിടെ ഒളിവിൽ താമസിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

