15 കാരിയെ വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 29 കാരൻ അറസ്റ്റിൽ
കൊല്ലം: പതിനഞ്ചുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മയ്യനാട് കൂട്ടിക്കട രത്ന വിഹാറിൽ ആർ. രാഹുൽ (29) ആണ് പൊലീസ് പിടിയിലായത്. നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ട മാതാവ് നടത്തിയ നിരീക്ഷണത്തിലാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് മാതാവ് പെൺകുട്ടിയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. രതീഷ്, സബ് ഇൻസ്പെക്ടർ ആർ. രതീഷ്കുമാർ, ജി.എസ്.ഐ രാജ്മോഹൻ, സി.പി.ഒമാരായ രാജഗോപാൽ, രഞ്ജിത്, ദീപ്തി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.