Times Kerala

 സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ജിയോജിത്

 
 സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ജിയോജിത്
 

 ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത്. ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഐപിഒ മുതലായ നിക്ഷേപങ്ങളില്‍ നിന്നും വന്‍ നേട്ടം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്നവര്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ജിയോജിത്/ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വിസസ് ലിമിറ്റഡ് (ജിഎഫ്എസ്എല്‍) എന്നീ പേരുകളും ലോഗോയും ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് വന്‍ തുക നഷ്ടമായതായി റിപ്പോര്‍ട്ടുണ്ട്. ഇത് സംബന്ധിച്ച് ജിയോജിത് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതികള്‍ നല്‍കി.
ഗുരുതരമായ ഇത്തരം പ്രവൃത്തികളെ ചെറുക്കുന്നതില്‍ പൊതു അവബോധം നിര്‍ണായക ഘടകമാണെന്ന് കരുതുന്നതായി ജിയോജിത് വ്യക്തമാക്കി. പൊതുജനങ്ങളും നിക്ഷേപകരും ഇത്തരം തട്ടിപ്പുകാരില്‍ നിന്നും അകലം പാലിക്കണമെന്നും ജിയോജിത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സ്ഥാപനമെന്ന നിലയ്ക്ക്, ജിയോജിത് വാഗ്ദാനം ചെയ്യുന്ന എല്ലാ നിക്ഷേപ സേവനങ്ങളും സെബിയുടെ നിയന്ത്രണ ചട്ടക്കൂടിനുള്ളിലാണ്. തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷിതമായ നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ആവശ്യമായ എല്ലാ നടപടികളും തുടര്‍ന്നും സ്വീകരിക്കും.  
ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും വിശ്വാസം സംരക്ഷിക്കുക എന്നതിനാണ് ജിയോജിത് ഏറ്റവും അധികം മുന്‍ഗണന നല്‍കുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. ബാലകൃഷ്ണന്‍ പറഞ്ഞു. സാമ്പത്തിക നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. സമഗ്രമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമെന്ന നിലയ്ക്ക്, സുതാര്യതയ്ക്കും നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം സംരക്ഷിക്കുന്നതിനും ജിയോജിത് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജിയോജിത്തിന്റെ പ്ലാറ്റ്‌ഫോമുകളെക്കുറിച്ചും നിക്ഷേപ സേവനങ്ങളെക്കുറിച്ചുമുള്ള  ആധികാരിക വിവരങ്ങള്‍ക്ക്, www.geojit.com സന്ദര്‍ശിക്കുക, കൂടുതല്‍ വിവരങ്ങള്‍ക്ക് customercare@geojit.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

Related Topics

Share this story