Times Kerala

 ബ്യൂല ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍
നിന്ന് 1.29 ബില്യണ്‍ ഡോളര്‍ ഓര്‍ഡര്‍ നേടി വാര്‍ഡ്‌വിസാര്‍ഡ്

 
 ബ്യൂല ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് 1.29 ബില്യണ്‍ ഡോളര്‍ ഓര്‍ഡര്‍ നേടി വാര്‍ഡ്‌വിസാര്‍ഡ്
 

ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളും, ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് (ഡബ്ല്യുഐഎംഎല്‍) ഫിലിപ്പീന്‍സിലെ ബ്യൂല ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് 1.29 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓര്‍ഡര്‍ നേടി. ഫിലിപ്പീന്‍സിലെ പൊതുഗതാഗത രംഗത്ത് വൈദ്യുത വാഹനങ്ങള്‍ ഉപയോഗിച്ച് വിപ്ലവകരമായ മാറ്റം വരുത്തുന്നതിനാണ് ഈ കരാര്‍. ആര്‍പികണക്ടിന്റെ പിന്തുണയുള്ള ഫിലിപ്പീന്‍സിലെ പ്രശസ്ത ഫുള്‍-സര്‍വീസ് ബിസിനസ് ഇന്റഗ്രേഷന്‍, ഇപിസി കമ്പനികളിലൊന്നാണ് ബ്യൂല ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍.
ഓര്‍ഡറിന്റെ ഭാഗമായി നിലവിലുള്ള ഉത്പന്ന നിരയില്‍ നിന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും, വാണിജ്യ, പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗങ്ങളിലെ ത്രീവീലറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും വാര്‍ഡ്‌വിസാര്‍ഡ് നല്‍കും. ഫിലിപ്പീന്‍സ് വിപണികള്‍ക്കായി ഫോര്‍ വീലര്‍ വാണിജ്യ വാഹനങ്ങളും വാര്‍ഡ്‌വിസാര്‍ഡ് വികസിപ്പിക്കും. ഫിലിപ്പീന്‍സിലെ പൊതുഗതാഗത സംവിധാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ച് വിപ്ലവം സൃഷ്ടിക്കുന്നതിനായി ധാരണാപത്രം വഴി രൂപവത്കരിച്ച തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമാണ് ഈ ഓര്‍ഡര്‍. വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് (എക്‌സ്‌പോര്‍ട്ട്‌സ്) മേധാവി ശ്രേയസ് കുര്‍ഹേക്കര്‍, ബ്യൂല ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് നാദിയ അറോയോ, ഇരുകമ്പനികളുടെയും മറ്റു പ്രതിനിധികള്‍ എന്നിവരുടെ സാനിധ്യത്തിലാണ് ധാരണപത്രം ഒപ്പുവച്ചത്.
തങ്ങളുടെ സാങ്കേതികവിദ്യയിലും കരുത്തുറ്റ ഉല്‍പ്പന്ന നിരയിലും വിശ്വാസം പ്രകടിപ്പിച്ചതിന് ബ്യൂല ഇന്റര്‍നാഷണലിനും ആര്‍കണക്ടിനും നന്ദി അറിയിക്കുന്നുവെന്ന് വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു.

വാര്‍ഡ്‌വിസാര്‍ഡിന്റെ അത്യാധുനിക ഇവി സൊല്യൂഷനുകള്‍ ഫിലിപ്പീന്‍സിലെ പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുമെന്ന് ബ്യൂല ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് നാദിയ അറോയോ പറഞ്ഞു.

Related Topics

Share this story