Times Kerala

 2024 എആര്‍ആര്‍സി മൂന്നാം റൗണ്ട്: സ്ഥിരതയാര്‍ന്ന പ്രകടനവുമായി ഹോണ്ട റേസിങ് ടീം

 
ff
 

 ജപ്പാനിലെ മൊതേഗി മൊബിലിറ്റി റിസോര്‍ട്ടില്‍ സമാപിച്ച 2024 എഫ്‌ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിലെ രണ്ടാം റേസിലും സ്ഥിരതയാര്‍ന്ന പ്രകടനം തുടര്‍ന്ന് ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം. എപി250 ക്ലാസിലെ ആദ്യ റേസില്‍ പോയിന്റുകള്‍ നേടിയ ഹോണ്ട ടീമിന്റെ കാവിന്‍ ക്വിന്റലും, മലയാളി താരം മൊഹ്‌സിന്‍ പറമ്പനും രണ്ടാം റേസിലും സ്ഥിരത നിലനിര്‍ത്തി. പക്ഷേ ടീമിനായി പോയിന്റുകളൊന്നും നേടാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല.

 

ഗ്രിഡില്‍ 20ാമതായി മത്സരം തുടങ്ങിയ മൊഹ്‌സിന്‍ അന്താരാഷ്ട്ര റൈഡര്‍മാര്‍ക്കിടയില്‍ മികച്ച പ്രകടനം നടത്തി 22'20.928 സമയത്തില്‍ 17ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മറുവശത്ത് ഗ്രിഡില്‍ 18ാമതായി മത്സരിച്ച യുവതാരം കാവിന്‍ ക്വിന്റല്‍ തുടക്കത്തില്‍ സ്ഥിരത നിലനിര്‍ത്തിയെങ്കിലും മത്സരം പൂര്‍ത്തിയാക്കാനായില്ല. എഞ്ചിന്‍ തകരാര്‍ കാരണം ആറാം ലാപ്പില്‍ താരം ട്രാക്ക് വിടുകയായിരുന്നു.

 

മികച്ച തുടക്കം നേടിയെങ്കിലും മെഷീനിലെ മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ തന്റെ ലക്ഷ്യങ്ങളെ തടസപ്പെടുത്തിയെന്ന് കാവിന്‍ ക്വിന്റല്‍ പറഞ്ഞു. ഈ റൗണ്ടില്‍ നിന്ന്  ഏറെ പഠിച്ചു വരാനിരിക്കുന്ന റൗണ്ടുകളില്‍ മികച്ച റിസള്‍ട്ട് പ്രതീക്ഷിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

 

ടീമിനായി പോയിന്റ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും, പ്രകടനം മെച്ചപ്പെടുത്താനായെന്ന് മൊഹ്‌സിന്‍ പറമ്പന്‍ പറഞ്ഞു. മത്സരം കഠിനമായിരുന്നു, അതിനാല്‍ സ്ഥിരത പുലര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വരാനിരിക്കുന്ന റൗണ്ടുകളില്‍ തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മൊഹ്‌സിന്‍ കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story