Times Kerala

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് പ്രതിഷേധക്കാരുടെ അക്രമം

 
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് പ്രതിഷേധക്കാരുടെ അക്രമം

ലണ്ടന്‍: പാക്കിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു. നേരത്തെ ഓഗസ്റ്റ് 15നും സമാനമായ പ്രതിഷേധം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ നടന്നിരുന്നു. ഇതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അക്രമാസക്തമായ പുതിയ പ്രതിഷേധം.

അക്രമാസക്തമായ പ്രതിഷേധത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അപലപിച്ചു. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത പെരുമാറ്റത്തില്‍ അപലപിക്കുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖ് ഖാന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് നേരെ മുട്ടയും ചെരിപ്പുകളും എറിഞ്ഞു. കല്ലേറ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമണത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 15ന് നടന്ന പ്രതിഷേധത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്.

Related Topics

Share this story