Times Kerala

നെടുമ്പാശ്ശേരിയില്‍ വിമാനം തെന്നിമാറിയത് പൈലറ്റിന്റെ അശ്രദ്ധ മൂലമെന്ന്

 

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി കാനയില്‍ കുടുങ്ങാന്‍ ഇടയായത് പൈലറ്റിന്റെ പിഴവ് മൂലമാണെന്ന് സൂചന.

ടാക്‌സി ബേയും ഏപ്രണിനെയും (പാര്‍ക്കിങ് സ്ഥലം) ബന്ധിപ്പിക്കുന്ന ലിങ്ക് പാതയിലാണ് അപകടമുണ്ടായത്. ഇവിടെ വിമാനം തിരിയേണ്ട യഥാര്‍ര്‍ത്ഥ ദിശയില്‍ നിന്നും 90 മീറ്റര്‍ മുന്‍പായി തിരിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയതെന്ന് സിയാല്‍ ഔദ്യോഗിക പത്രകുറിപ്പില്‍ വ്യക്തമാക്കി.
ഇതോടെ വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ ഓടയില്‍ കുടുങ്ങുകയായിരുന്നു. റണ്‍വേയില്‍ നിന്നും ഏറെ അകലെയാണ് അപകടം നടന്നത്.

അതുകൊണ്ട് വിമാനത്താവളത്തിലെ മറ്റ് സര്‍വിസുകളെ ഇത് ബാധിച്ചില്ലെന്നും സിയാല്‍ അറിയിച്ചു.
വിമാനത്തില്‍ ഉണ്ടായിരുന്ന 102 യാത്രക്കാരെയും ഏപ്രണിലൂടെ പുറത്തെത്തിച്ചു. ഇന്ന് പുലര്‍ച്ചെ 2.30ന് അബൂദാബിയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പെട്ടത്.

സംഭവം നടക്കുമ്പോള്‍ വിമാനത്താവള പരിസരത്ത് കനത്ത മഴയായിരുന്നു. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നെടുമ്പാശ്ശേരിയിലെത്തിയാല്‍ വിമാനം അപകടസ്ഥലത്ത് നിന്നും എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലേക്ക് മാറ്റും. ഇതിനായി സിയാലിന്റെ എയര്‍ക്രാഫ്റ്റ് റിക്കവറി ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.

Related Topics

Share this story