Times Kerala

ഹൈക്കോടതി ജഡ്ജി ചേംബറില്‍ വിളിച്ചുവരുത്തി സിഐയെ ഭീഷണിപ്പെടുത്തിയതായി പരാതി

 

കൊച്ചി: തന്റെ ബന്ധുവിനെതിരെ കേസെടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററെ ഹൈക്കോടതി ജഡ്ജി ചേംബറില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായി പരാതി. മാവേലിക്കര സിഐ പി. ശ്രീകുമാറാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. ബന്ധുവിനെതിരെ കേസെടുത്തതിനെ തുടര്‍ന്ന് മാവേലിക്കര സിഐയെ ഹൈക്കോടതിയിലെ തന്റെ ചേംബറില്‍ വിളിച്ചുവരുത്തിയാണ് ജഡ്ജി ഭീഷണിപ്പെടുത്തിയത്. ഹൈക്കോടതി ജഡ്ജി പി.ഡി.രാജന്‍ തന്നെ മര്‍ദ്ദിക്കാനൊരുങ്ങി എന്നടക്കം വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനും, റജിസ്ട്രാര്‍ക്കും ഡയറക്റ്റര്‍ ജനറല്‍ ഒഫ് പ്രൊസിക്യൂഷനുമാണ് മാവേലിക്കര സിഐ പരാതി നല്‍കിയത്.

2016 ജൂലൈ 22ന് മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നിത്തല സ്വദേശികളായ ഭവിസ് കുമാര്‍, ജെയ്സണ്‍, ശശികുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.

കേസന്വേഷണം നടക്കുന്ന സമയത്ത് ഹൈക്കോടതി ജഡ്ജി കുറ്റക്കാരെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫോണില്‍ വിളിച്ച് മാവേലിക്കര എസ്‌ഐയോട് ആവശ്യപ്പെട്ടു. ഇതിന് ശേഷം നവംബര്‍ 29ന് വൈകിട്ട് 5.30ന് സുമന്‍ ചക്രവര്‍ത്തി എന്ന സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഈ കേസിലെ ഫയലുമായി ജഡ്ജി പി.ഡി. രാജനെ കാണണം എന്ന് ആവശ്യപ്പെട്ടു.

തൊട്ടടുത്ത ദിവസം രാവിലെ 9.30 ന് കേസ് ഫയലുമായി സിഐ ഹൈക്കോടതിയിലെത്തി. സുമന്‍ ചക്രവര്‍ത്തിയാണ് ഇദ്ദേഹത്തെ ജസ്റ്റിസ് പി.ഡി. രാജന്റെ ചേംബറിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ച്, എന്റെ സഹോദരനെതിരെ കേസെടുക്കാന്‍ നിങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വന്നു? പിടിയിലായ ഭവിസ് കുമാര്‍ എന്റെ സഹോദരനാണ്. കേസുമായി മുന്നോട്ട് പോയാല്‍ വിജിലന്‍സിനെ കൊണ്ട് നിങ്ങള്‍ക്കെതിരെ അന്വേഷണം നടത്തും. നശിപ്പിച്ച് കളയും എന്ന് ജഡ്ജി പറഞ്ഞു.

വളരെ മോശപ്പെട്ട പരാമര്‍ശങ്ങളാണ് നടത്തിയതെന്നും പിന്നീട് ജഡ്ജി തന്നെ തല്ലാനായി ഒരുങ്ങിയെന്നും പരാതിയില്‍ മാവേലിക്കര സിഐ പറയുന്നു.

ഇതിനെ തുടര്‍ന്ന് ജഡ്ജി തന്നോട് ചേംബറിന് പുറത്തേക്ക് നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും ശ്രീകുമാര്‍ പരാതിയില്‍ പറയുന്നു.

Related Topics

Share this story