Times Kerala

പങ്കാളിയോട് വിശ്വസ്തത വേണ്ടേ?

 
പങ്കാളിയോട് വിശ്വസ്തത വേണ്ടേ?

വിവാഹം പലപ്പോഴും ഡിവോഴ്‌സിലെത്താന്‍ പരസ്പര വിശ്വാസമില്ലാത്തതും ഒരു കാരണമാകാം. ഇതിന് പലപ്പോഴും കാരണമാവുക പരസ്പരം പല കാര്യങ്ങളും ഒളിച്ചു വയ്ക്കുകയും പരസ്പരം വിശ്വസ്തത പുലര്‍ത്താതിരിക്കുകയും ചെയ്യുമ്പോഴായിരിക്കും.

പങ്കാളിയോട് വിശ്വസ്തത പുലര്‍ത്താന്‍ പറ്റിയ ചില കാര്യങ്ങളെന്തെന്നു നോക്കൂ.

പങ്കാളിയില്‍ നിന്ന് എന്തെങ്കിലും ഒളിച്ചു വയ്ക്കുമ്പോള്‍ ബന്ധം വഷളാകുന്നത് സ്വാഭാവികം. ഇങ്ങനെ ഒളിച്ചു വയ്ക്കാനുള്ള പങ്കപ്പാടും ഇത് പങ്കാളി മനസിലാക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളും കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാന്‍ നല്ലത് രഹസ്യങ്ങള്‍ സൂക്ഷിക്കാതിരിക്കുകയെന്നതാണ്.

ഈഗോ പലപ്പോഴും പല ബന്ധങ്ങളുടേയും കാലനാകാറുണ്ട്. നല്ലൊരു ബന്ധത്തിന് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ഈഗോ മാറ്റി വയ്ക്കുന്നതു തന്നെയാണ് നല്ലത്.

പലപ്പോഴും കൂട്ടുകാര്‍ക്ക് പങ്കാളിയേക്കാള്‍ കൂടുതല്‍ സ്ഥാനം കൊടുക്കുന്നതും പ്രശ്‌നങ്ങള്‍ വഷളാക്കും. കൂട്ടുകാരെ ഉപേക്ഷിക്കണമെന്നല്ല പറയുന്നത്. അല്‍പം മുന്‍തൂക്കം നല്‍കേണ്ടത് പങ്കാളിക്കു തന്നെയായിരിക്കും.

സാമ്പത്തികകാര്യങ്ങളിലും കുടുംബകാര്യങ്ങളിലും ഇരു കൂട്ടര്‍ക്കും തുല്യമായ പങ്കുണ്ടാകണം. ഇത് പരസ്പരം ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതാണ് കൂടുതല്‍ നല്ലത്.

ജോലിത്തിരക്കില്‍ പരസ്പരം സംസാരിക്കാന്‍ മറന്നു പോകുന്നവരുണ്ട്. മനസു തുറന്ന ആശയവിനിമയം നല്ലൊരു ബന്ധത്തില്‍ വളരെ പ്രധാനമാണ്.

കഴിയാവുന്നിടത്തോളം സമയം ഒരുമിച്ചു ചെലവഴിക്കുക. ചെയ്യാവുന്നിടത്തോളം കാര്യങ്ങള്‍ ഒരുമിച്ചു തന്നെ ചെയ്യുക. ഇത് ഷോപ്പിംഗാവട്ടെ, സിനിമയ്ക്കു പോകുന്നതാകട്ടെ. ഇത് പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കും.

ബന്ധങ്ങളിലും സ്വന്തം ഇഷ്ടങ്ങളും വ്യക്തിത്വവുമെല്ലാമുണ്ടാകും. ഇതൊന്നു ഉപേക്ഷിക്കണമെന്നല്ല പറഞ്ഞു വരുന്നത്. ഇവ പങ്കാളികള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്കും വിശ്വാസ്യതയ്ക്കും ഹേതുവാകരുത്.

പങ്കാളിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി കള്ളം പറയുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഇത് നല്ലതല്ല. സത്യമറിയുമ്പോള്‍ ഇത് പങ്കാളിയില്‍ ഈര്‍ഷ്യുണ്ടാകാന്‍ കാരണമാകും.

പങ്കാളി തന്നെ വഞ്ചിച്ചാല്‍ എങ്ങനെ തോന്നുമെന്നു ചിന്തിക്കുക. ഇത് പരസ്പര ബന്ധത്തില്‍ വിശ്വാസ്യത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിത്തരും.

Related Topics

Share this story