Times Kerala

പങ്കാളിയിലെ സ്വാര്‍ത്ഥത തിരിച്ചറിയൂ

 
പങ്കാളിയിലെ സ്വാര്‍ത്ഥത തിരിച്ചറിയൂ

പലരും പല കാരണങ്ങള്‍ക്കും സ്വാര്‍ത്ഥരാവാറുണ്ട്. ഇത് സ്ത്രീ, പുരുഷ ബന്ധത്തിലും സംഭവിക്കാറുണ്ട്, പ്രണയമാണെങ്കിലും ദാമ്പത്യമാണെങ്കിലും. ചിലപ്പോള്‍ പുരുഷനാകാം സ്വാര്‍ത്ഥത കാണിക്കുന്നത്, ചിലപ്പോളിത് സ്ത്രീയാകാം. നിങ്ങളുടെ പങ്കാളി സ്വാര്‍ത്ഥനാണോ, സ്വാര്‍ത്ഥയാണോ എന്ന് തിരിച്ചറിയാന്‍ കൂടുതല്‍ ബുദ്ധിമുട്ടൊന്നും വേണ്ട.

ഭക്ഷണത്തിന്റെ കാര്യം തന്നെയെടുക്കാം. രണ്ടുപേരും കൂടി പുറത്തു ഭക്ഷണം കഴിയ്ക്കാന്‍ പോവുകയാണെന്നിരിക്കട്ടെ, ഇരുവരും ചിലപ്പോള്‍ അവരവര്‍ക്കു താല്‍പര്യമുള്ള ഭക്ഷണമായിരിക്കും തെരഞ്ഞെടുക്കുക.

എന്നാല്‍ പരസ്പരം രുചി നോക്കാനോ പങ്കിടാനോ തയ്യാറാകും. ഇങ്ങനെ ചെയ്യാത്തവരാണങ്കില്‍, തന്റെ ഭക്ഷണം തനിക്കു മാത്രം എന്ന മനോഭാവമാണെങ്കില്‍ ഇത് സ്വാര്‍ത്ഥതയുടെ ലക്ഷണം തന്നെയാണ്.

ഒരാള്‍ക്കു വേണ്ടി കാത്തിരിക്കാതെ മറ്റേയാള്‍ ഭക്ഷണം കഴിയ്ക്കുകയാണെങ്കില്‍ ഇത് സ്വാര്‍ത്ഥതയുടെ ലക്ഷണം തന്നെ. അതുപോലെ മറ്റേയാള്‍ക്കുണ്ടോ എന്നു നോക്കാതെ ഭക്ഷണം കഴിയ്ക്കന്നതും സ്വാര്‍ത്ഥത തന്നെയാണ്.

പങ്കാളിയുടെ സ്വാര്‍ത്ഥത കണ്ടെത്താന്‍ ഏറ്റവും നല്ലത് അസുഖം വരുന്ന സമയമാണ്. ഒരാള്‍ക്ക് അസുഖമാണെങ്കില്‍, മറ്റൊരാളുടെ സഹായം അത്യാവശ്യമുള്ള സന്ദര്‍ഭത്തില്‍, അയാളെ ഒറ്റക്കിട്ടു പോകുന്നത് സ്വാര്‍ത്ഥ ലക്ഷണം തന്നെ. ഒഴിവാക്കാനാവാത്ത അത്യാവശ്യമാണെങ്കിലോ വയ്യാത്ത ആള്‍ നിര്‍ബന്ധിച്ചിട്ടാണെങ്കിലോ പോകുന്നത് വേറെ വശം.

നിങ്ങളുടെ പങ്കാളി സ്വാര്‍ത്ഥനാണെങ്കില്‍ നിങ്ങളുടെ ബുദ്ധിമുട്ട് അയാള്‍ക്ക് പ്രശ്‌നമായെന്നു വരില്ല. നിങ്ങളെ കാത്തു നില്‍ക്കാന്‍ തയ്യാറാകുകയോ നിങ്ങളുടെ സൗകര്യത്തിനു വേണ്ടി സ്വന്തം പദ്ധതി മാറ്റാനോ തയ്യാറാകില്ല. എത്ര നേരം ബസ് കാത്തു നില്‍ക്കേണ്ടി വന്നാലും സൗകര്യമുണ്ടെങ്കിലും നിങ്ങളെ ഓഫീസില്‍ കൊണ്ടുവിടാന്‍ നിങ്ങളുടെ പങ്കാളി തയ്യാറായില്ലെന്നു വരും.

ഒരാളുടെ സ്വാര്‍ത്ഥത കണ്ടെത്താന്‍ വലിയ കാര്യങ്ങളൊന്നും തന്നെ വേണമെന്നില്ല. ചെറിയ കാര്യങ്ങളില്‍ പോലും ഇത് കണ്ടെത്താന്‍ സാധിക്കും.

Related Topics

Share this story