Times Kerala

വില്ലന്‍ മുട്ടയെ കൂട്ടുകാരനാക്കാം

 
വില്ലന്‍ മുട്ടയെ കൂട്ടുകാരനാക്കാം

മുട്ട എന്നാല്‍ കൊഴുപ്പ് എന്നാണ് പലരുടെയും മനസ്‌സില്‍. മുട്ടകഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം എന്നു പലരും വിശ്വസിച്ചു പോരുന്നു. എന്നാല്‍, ശരിക്കും മുട്ട അത്ര വില്ലനല്ല. എന്നു മാത്രമല്ല ശരിയായി കഴിച്ചാല്‍ നല്ല കൂട്ടുകാരന്‍കൂടിയാണ് മുട്ട.

മുട്ട ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ്. വൈറ്റമിന്‍ എ, ബി, ഇ, ബി12, റൈബോഫ്‌ളാവിന്‍, കാത്സ്യം, ഫോസ്ഫറസ്, ലെസിതിന്‍, ഇരുമ്പ്, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും മാംസപേശികളുടെയും വികാസത്തിനു സഹായിക്കുന്ന പ്രോട്ടീന്റെ നിറകുടമാണ് മുട്ട. ജീവകം സിയുടെയും അന്നജത്തിന്റെയും കുറവ് ഒഴിച്ചാല്‍ സമ്പൂര്‍ണ്ണമായ ഭക്ഷണം.

കുട്ടികളുടെ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്താവുന്ന ആഹാരമാണ് മുട്ട. മുതിര്‍ന്നവര്‍ മുട്ടയുടെ വെള്ള ദിവസവും കഴിക്കുന്നത് നല്ലതാണ്. എന്നാല്‍, മുട്ടയുടെ മഞ്ഞ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴിക്കുന്നതാണ് ഉത്തമം. മുട്ടയുടെ വെള്ളയിലെ പ്രധാനഘടകം പ്രോട്ടീനും മഞ്ഞയില്‍ കൊഴുപ്പുമാണ് ്. അതിനാല്‍, കൊളസ്‌ട്രോള്‍ ഉള്ളവര്‍ വെള്ളമാത്രം കഴിക്കുന്നതാണ് നല്ലത്. പ്രമേഹം. ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം, അമിതവണ്ണം, അമിത കൊളസ്‌ട്രോള്‍ എന്നിവയുള്ളവര്‍ മുട്ടയുടെ മഞ്ഞ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

മുട്ടയെന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് കോഴിമുട്ടായാവും. എന്നാല്‍, അതിനേക്കാള്‍ ഗുണമുള്ള മുട്ടകളും ഉണ്ട്.

ത്വക്കിനും കണ്ണിനും കോഴിമുട്ട

13 ആവശ്യ ജീവകങ്ങളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട് ഏകദേശം 50 ഗ്രാം ഭാരംവരും ഒരു കോഴിമുട്ടയ്ക്ക്. ഇതില്‍ 72 കാലറി ഊര്‍ജ്ജവും 186 മില്ലിഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എല്ലിനും പല്ലിനും ത്വക്കിനും കണ്ണിനും മുട്ട നല്ലതാണ്.

കുട്ടികള്‍ക്ക് മുട്ടയുടെ മഞ്ഞ കൊടുക്കാവുന്നതാണ്. മുതിര്‍ന്നവര്‍ക്ക് മുട്ടയുടെ വെള്ളയാണ് നല്ലത്. ഫസ്റ്റ് ഗ്രേഡ് മുട്ടയുടെ മഞ്ഞ വളരെ നല്ലതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇവിടെ അത്ര സുലഭമല്ല. ഫസ്റ്റ് ഗ്രേഡ് മുട്ടയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് നല്ലതാണ് എന്നതാണ് ഇതിനു കാരണം.

കുട്ടികള്‍ക്കു നല്‍കാം കാടമുട്ട

കോഴിമുട്ടയേക്കാള്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ നല്ലത് കാടമുട്ടയാണ്. കാടമുട്ടയ്ക്ക് കോഴിമുട്ടയേക്കാള്‍ ഗുണവും ഏറെയാണ്. ഒരു കാടമുട്ടയില്‍ നിന്ന് 71 കാലറിയോളം ഊര്‍ജ്ജവും 6 ഗ്രാം പ്രോട്ടീനും ആവശ്യമായ കൊഴുപ്പിന്റെ 25 ശതമാനത്തോളവും ലഭിക്കുന്നു. കാടമുട്ടയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പില്‍ നല്ല കൊഴുപ്പാണ് കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കോഴിമുട്ടയെക്കാള്‍ 5 മടങ്ങ് കൂടുതലാണ് പ്രോട്ടീന്റെയും അയണിന്റെയും അളവ്. വിറ്റാമിന്‍ ബി12 ആണെങ്കില്‍ 15 മടങ്ങ് അധികവും.

9 മാസം മുതല്‍ ഒരു വയസ്‌സുവരെയുള്ള കുട്ടികള്‍ക്ക് കാടമുട്ടയുടെ മഞ്ഞ കൊടുക്കുന്നത് വളരെ നല്ലതാണ്. 1 വയസ്‌സ് മുതല്‍ 3 വയസുവരെയുള്ള കുട്ടികള്‍ക്ക് 2 മുതല്‍ 3 കാടമുട്ട വരെ നല്‍കാം. 7 വയസിനു മുകളിലുള്ളവര്‍ക്ക് അഞ്ച് കാടുമുട്ട വരെ ഒരു ദിവസം കഴിക്കാം. മുതിര്‍ന്നയാളുകള്‍ 5 കാടമുട്ട വരെ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍, അതില്‍ കൂടുതലാകുന്നത് ദോഷം ചെയ്യും.

കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും കാടമുട്ട വളരെ ഗുണം ചെയ്യും. തൊലിക്ക് തിളക്കം, മുടി വളരുന്നതിനും എല്ലിനും മസിലുകള്‍ക്കും ശക്തി ലഭിക്കുന്നതിനും കാടമുട്ട കഴിക്കുന്നത് നല്ലതാണ്.

താറാമുട്ടയിലുണ്ട് ഓമേഗ 3

ഏകദേശം 70ഗ്രാം ഭാരമുണ്ടാകും ഒരു താറാമുട്ടയ്ക്ക്. ഇതില്‍ 130 കാലറി ഊര്‍ജ്ജവും 619 മില്ലി ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഒരാള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ അധികം കൊഴുപ്പ് താറാമുട്ടയില്‍ നിന്ന് ലഭിക്കുന്നതിനാല്‍ താറാമുട്ട ഹൃദ്രോഗം, അമിത കൊളസ്‌ട്രോള്‍, രക്താതിസമ്മര്‍ദ്ദം തുടങ്ങിയവയുള്ളവര്‍ക്ക് ഒട്ടും നല്ലതല്ല.

കോഴിമുട്ടയെ അപേക്ഷിച്ച് അലര്‍ജി സാധ്യത കുറവാണ് താറാമുട്ടയ്ക്ക്. കോഴിമുട്ട കഴിക്കുമ്പോള്‍ മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാല്‍, താറാമുട്ടയ്ക്ക് ആ പ്രശ്‌നമില്ല. അതിനാല്‍, പ്രായമായവര്‍ പലരും താറാമുട്ടയാണ് കഴിക്കാന്‍ തിരഞ്ഞെടുക്കുന്നത്. ആല്‍ബുമിന്‍, ഒമേഗ 3 എന്നിവയുടെ അളവ് താറാമുട്ടയില്‍ കൂടുതലാണ്. അതിനാല്‍, ആല്‍ബുമിന്‍ കുറഞ്ഞു പോകുന്നവരോട് താറാമുട്ട കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

ദോഷങ്ങള്‍

കൊഴുപ്പിന്റെ അളവ് കൂടുതലായതിനാല്‍ മുട്ടയുടെ മഞ്ഞ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ ഒന്നോ രണ്ടോ കഴിക്കുന്നതും ദോഷകമല്ല. ചില ആളുകളില്‍ മുട്ടയുടെ വെള്ള അലര്‍ജിക്കു കാരണമാകാറുണ്ട്. പ്രത്യേകിച്ച് ഒരു വയസിനു താഴെ പ്രായമുള്ള കുട്ടികളില്‍. കുട്ടികള്‍ക്ക് മുട്ട കൊടുത്തു തുടങ്ങുമ്പോള്‍ മഞ്ഞമാത്രം നല്‍കുന്നതാണ് നല്ലത്. മുട്ടയുടെ വെള്ള കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കാറുണ്ട്. ദഹിക്കാനും പ്രയാസമായിരിക്കും.

നല്ലത് നാടനോ വെള്ളയോ?

രണ്ടുതരം മുട്ടകള്‍ ഇന്ന് ലഭിക്കും, നാടന്‍ മുട്ടയും വെള്ളമുട്ടയും. ഇതില്‍ ഏതാണ് നല്ലതെന്ന് ചോദിച്ചാല്‍ നാടന്‍ മുട്ടയെന്നാകും ഉത്തരം. എന്നാല്‍, വെള്ള മുട്ട കഴിക്കുന്നതു കൊണ്ടും കുഴപ്പമൊന്നുമില്ല. നാടന്‍ മുട്ട നമ്മുടെ വീടുകളില്‍ വളര്‍ത്തുന്ന കോഴികളില്‍ നിന്ന് കിട്ടുന്നതാണ്. കൃത്രിമ ആഹാരമൊന്നും കഴിക്കാത്ത കോഴിയുടെ മുട്ടയായതിനാലാണ് അത് ഗുണമുള്ളതാണെന്നു പറയുന്നത്.

കോഴി കഴിക്കുന്ന ഭക്ഷണമനുസരിച്ചാണ് മുട്ടയുടെ ഗുണങ്ങള്‍ വ്യത്യാസപ്പെടുന്നത്. കൃത്രിമ ആഹാരം നല്‍കി വളര്‍ത്തുന്ന കോഴികളുടെ മുട്ട ചില സന്ദര്‍ഭങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. കോഴിക്കൃഷി നടത്തുന്നവര്‍ ആന്റിബയോട്ടിക്കുകളും മറ്റും തീറ്റയില്‍ കലര്‍ത്തി നല്‍കുന്നത് ദോഷം ചെയ്യും. ഇത്തരം മുട്ടകള്‍ കഴിക്കുമ്പോള്‍ ശരീരവളര്‍ച്ച വേഗത്തിലാകുന്നു. പ്രത്യേകിച്ച്, പെണ്‍കുട്ടികള്‍ വളരെ ചെറുപ്രായത്തിലെ പ്രായപൂര്‍ത്തിയാകുന്നതും ഇതൊക്കെ കാരണമാണ്.

ശ്രദ്ധിക്കേണ്ടത്

മുട്ട നന്നായി വേവിച്ചു കഴിക്കുന്നതാണ് ഉത്തമം പകുതി വേവിച്ച മുട്ട ആരോഗ്യത്തിന് നല്ലതല്ല. എണ്ണയില്‍ വറുത്ത മുട്ടയേക്കാള്‍ ആവിയില്‍ പുഴുങ്ങിയ മുട്ടയാണ് നല്ലത്. കുട്ടികള്‍ക്ക് രാവിലെ പ്രഭാതഭക്ഷണമായി പുഴുങ്ങിയ മുട്ട നല്‍കുന്നതും നല്ലതാണ്.

കൃത്രിമ മുട്ടകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതിനാല്‍, കഴിക്കുന്ന മുട്ട കൃത്രിമമല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതിനായി മുട്ട നന്നായി വേവിച്ച് ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. കൃത്രിമ മുട്ടകളിലെ മഞ്ഞ ഒന്നുകില്‍ വലുതായിരിക്കുകയോ അല്ലെങ്കില്‍ വെള്ളയില്‍ നിന്ന് മഞ്ഞയെ മാറ്റാന്‍ സാധിക്കാതിരിക്കുകയോ ചെയ്യും. ചിലസമയങ്ങളില്‍ വെള്ള ഉണ്ടാകാറുമില്ല. എന്നാല്‍, കൃത്രിമമായവയെ കണ്ടെത്തുക എളുപ്പമല്ല. നന്നായി പാകം ചെയ്ത് കഴിക്കുക എന്നതുമാത്രമാണ് ഇതിനെ ഒഴിവാക്കാനുള്ള ഏകവഴി.

മുട്ട കേടു വരാന്‍ എളുപ്പമുള്ള ഭക്ഷണമാണ്. മുട്ട പാകം ചെയ്യാന്‍ എടുക്കുമ്പോള്‍ കേടുവന്നിട്ടില്ലെന്നും ഉറപ്പുവരുത്തണം.

Related Topics

Share this story