Times Kerala

സബ്സ്റ്റിറ്റിയൂട്ടിന് ഇനി ബോളും ബാറ്റും ചെയ്യാം; ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

 
സബ്സ്റ്റിറ്റിയൂട്ടിന് ഇനി ബോളും ബാറ്റും ചെയ്യാം; ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

ലണ്ടന്‍: മത്സരത്തിനിടെ പരിക്കേൽക്കുന്ന  കളിക്കാരന് ഗ്രൗണ്ട് വിടേണ്ട  വര്മ്മ സാഹചര്യത്തില്‍ പുതിയ കളിക്കാരനെ ടീമിലെടുക്കാന്‍ അവസരം നല്‍കുന്ന ‘കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്’ എന്ന സംവിധാനം ആഷസ് പരമ്പരയില്‍ നടപ്പിലാക്കാനൊരുങ്ങി ഐ.സി.സി. ലണ്ടനില്‍ നടക്കുന്ന ഐ.സി.സിയുടെ വാര്‍ഷിക യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. തലയിലേല്‍ക്കുന്ന പരിക്കുകള്‍ക്ക് മാത്രമാണ് ഈ പുതിയ നിയമം ബാധകമാകുക.

പരിക്കേറ്റ ഒരു കളിക്കാരന് പിന്നീട് ആ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍, ബൗള്‍ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്. നിലവില്‍ ഫീല്‍ഡിങ്ങില്‍ മാത്രമാണ് വ്യവസ്ഥകള്‍ക്കു വിധേയമായി സബ്സ്റ്റിറ്റിയൂഷന്‍ അനുവദിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്നു മുതല്‍ തുടങ്ങുന്ന ആഷസ് പരമ്പര മുതൽ ഇത് നടപ്പിലാകും എന്നാണ് റിപ്പോർട്ട്.

2014ല്‍ ആഭ്യന്തര മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ക്കൊണ്ട് ഓസീസ് താരം ഫില്‍ ഹ്യൂസ് മരണമടഞ്ഞതിനെത്തുടര്‍ന്ന് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് എന്ന സംവിധാനത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആലോചിച്ചു തുടങ്ങിയിരുന്നു. 2016-17 സീസണ്‍ മുതല്‍ ആഭ്യന്തര ക്രിക്കറ്റിലും ബിഗ് ബാഷ് ലീഗിലും ഓസ്‌ട്രേലിയ ഈ പരിഷ്‌കാരം നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഐ.സി.സി അംഗീകരിക്കാതിരുന്നതിനാല്‍ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഈ പരിഷ്‌കാരം വരുത്തിയിരുന്നില്ല.

പരിക്കേല്‍ക്കുന്ന കളിക്കാരന്റെ സമാന ശേഷിയുള്ള കളിക്കാരനെ പകരക്കാരനായി ഇറക്കാന്‍ കഴിയുന്ന വിധത്തിലുള്ളതായിരിക്കും പുതിയ നിയമം. ബാറ്റ്‌സ്മാന് പരിക്കേല്‍ക്കുകയാണെങ്കില്‍ ബാറ്റ്‌സ്മാനെയും ബൗളര്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ബൗളറെയും ഇനി മുതല്‍ കളിപ്പിക്കാന്‍ കഴിയും.

Related Topics

Share this story