ദുബായ്: കഴിഞ്ഞ ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് ദുബായില്‍ 17 പേരുടെ മരണത്തിന് കാരണമായ ബസ് അപകടത്തില്‍ കോടതി വിധിയോടെ നീതി നടപ്പായെന്നും കേസിലെ നടപടികള്‍ ഇത്രവേഗം പൂര്‍ത്തിയായതില്‍ ആശ്വാസം ഉണ്ടെന്നും മരിച്ചവരുടെ ബന്ധുക്കള്‍ പ്രതികരിച്ചു. ബസ് ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയും മരണപ്പെട്ട ഓരോരുത്തരുടെയും ആശ്രിതര്‍ക്ക് 37 ലക്ഷം രൂപ വീതവും ബ്ലഡ് മണിയുമാണ് വ്യാഴാഴ്ച കോടതി വിധിച്ചത്. മരിച്ച 17 പേരുടെ ആശ്രിതര്‍ക്കായി 34 ലക്ഷം ദിര്‍ഹമാണ് ഡ്രൈവര്‍ ബ്ലഡ് മണി നല്‍കേണ്ടത്.
മരണപ്പെട്ട 17 പേരില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്ന നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്. റോഡില്‍ വാഹനങ്ങളുടെ ഉയരം നിയന്ത്രിക്കാന്‍ സ്റ്റീല്‍ തൂണ്‍ സ്ഥാപിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന വാദം ഡ്രൈവറുടെ അഭിഭാഷകന്‍ ഉയര്‍ത്തിയെങ്കിലും അത് കോടതി അംഗീകരിച്ചില്ല. രണ്ട് ലക്ഷം ദിര്‍ഹം വീതം ബ്ലഡ് മണി നല്‍കാനുള്ള കോടതി വിധി കടുത്ത ദുഃഖത്തിനിടയില്‍ ലഭിക്കുന്ന ചെറിയ ആശ്വാസമാവുമെന്ന് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പ്രതികരിച്ചു. ബ്ലഡ് മണി ലഭിക്കുന്നതിനാവശ്യമായ രേഖകള്‍ ശരിയാക്കാനും നടപടികള്‍ പൂര്‍ത്തീകരിക്കാനുമുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.