Times Kerala

ലോര്‍ഡ്‌സില്‍ സുപ്പര്‍ സണ്‍ഡേ

 
ലോര്‍ഡ്‌സില്‍ സുപ്പര്‍ സണ്‍ഡേ

ബിര്‍മിംഗ്ഹാം: ലോര്‍ഡ്‌സില്‍ അടുത്ത ഞായറാഴ്ച ക്രിക്കറ്റ് ലോകകപ്പിന് പുതിയ അവകാശികള്‍ പിറക്കും. രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് ന്യൂസിലന്റിനെതിരായ കലാശക്കളിക്ക് യോഗ്യത നേടി. ഇംഗ്ലീഷ് ബൗളിങ് നിരക്കുമുന്നില്‍ മുന്നേറ്റനിര കളിമറന്നപ്പോള്‍ മുന്നില്‍നിന്നുനയിച്ച സ്റ്റീവന്‍ സ്മിത്തും (85) പരിക്കേറ്റിട്ടും വീരോചിതം പോരാടിയ അലക്‌സ് കാരിയും (46) ഓസീസിന് 223 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. എന്നാല്‍ ജേസണ്‍ റോയ് (85), നായകന്‍ ഓയിന്‍ മോര്‍ഗന്‍ (45*), ജോ റൂട്ട് (49*), ജോണി ബെയര്‍സ്‌റ്റോ (34) എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിന് 17.5 ഓവര്‍ ശേഷിക്കെ അഭിമാന വിജയം സമ്മാനിച്ചു. മൂന്ന് വിക്കറ്റുമായി ഓസീസിനെ നട്ടെല്ലൊടിച്ച ക്രിസ് വോക്‌സാണ് മാന്‍ ഓഫ് ദ മാച്ച്. ലോകകപ്പില്‍ എട്ടാം സെമി കളിച്ച ആസ്‌ട്രേലിയയുടെ ആദ്യ പരാജയമാണിത്. കന്നി കിരീടം തേടുന്ന ഇംഗ്ലണ്ടിന്റെ നാലാം ഫൈനല്‍ പ്രവേശനവും.

താരതമ്യേന ചെറിയ ലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപണര്‍മാര്‍ സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ട്വന്റി20 ശൈലിയില്‍ കളിച്ച റോയ് ആയിരുന്നു ഡ്രൈവിങ് സീറ്റില്‍. ബെയര്‍സ്‌റ്റോയും റോയിയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 124 റണ്‍സ് ചേര്‍ത്തു. ഈ ലോകകപ്പില്‍ നാലാം തവണയാണ് സഖ്യം 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുന്നത്. ബെയര്‍സ്‌റ്റോ മിച്ചല്‍ സ്റ്റാര്‍ക്കിന് റെക്കോഡ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഈ ലോകകപ്പില്‍ 27 വിക്കറ്റ് തികച്ച സ്റ്റാര്‍ക്ക് ഗ്ലെന്‍ മഗ്രാത്തിന്റെ (26 വിക്കറ്റ്) ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന റെക്കോഡാണ് തിരുത്തിയത്. പിന്നാലെ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ റോയ്ക്ക് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. 65 പന്തില്‍ ഒമ്പത് ബൗണ്ടറികളും ആറ് സിക്‌സറുകളുമടക്കമാണ് റോയ് 85 റണ്‍സ് തികച്ചത്. ശേഷം ക്രീസിലെത്തിയ റൂട്ടും മോര്‍ഗനും ചേര്‍ന്ന് ടീമിനെ അനായാസം വിജയതീരത്തെത്തിച്ചു.

Related Topics

Share this story