ആകാശത്തുവച്ചു വിമാനത്തിന് കുലുക്കം; കുലുങ്ങി മറിഞ്ഞ വിമാനത്തിനുള്ളിൽ വീണു 35 പേർക്കു പരിക്ക്
വാൻകൂവർ: ആകാശഗർത്തത്തിൽപ്പെട്ട് ആടിയിളകിയ വിമാനത്തിലെ 35 യാത്രക്കാർക്കു പരിക്ക്. വ്യാഴാഴ്ച കാനഡയിലെ വാൻകൂവറിൽനിന്നു സിഡ്നിയിലേക്കു പോയ എയർ കാനഡ വിമാനമാണ് അപകടത്തിലായത്. ഹവായി പിന്നിട്ട ഉടനെയാണ് വിമാനം ഇളകിയത്. 284 യാത്രക്കാരാണു ബോയിംഗ് 777-200 വിമാനത്തിലുണ്ടായിരുന്നത്. ഇതേതുടർന്ന് വിമാനം ഹവായിയിലേക്കു തന്നെ തിരിച്ചുവിട്ടു. ഹവായിയിലെ ഹോണോലുലു വിമാനത്താവളത്തിൽ യാത്രക്കാർക്കു ചികിത്സ നൽകി. വിമാനം ഇളകവെ യാത്രക്കാരിൽ മിക്കവരും വിമാനത്തിന്റെ മേൽക്കൂരയിൽ ഇടിച്ചെന്നും പിന്നീട് നിലത്തുവീണെന്നും യാത്രക്കാർ പറഞ്ഞു. വിമാനത്തിനുള്ളിൽ യാത്രക്കാർ പറക്കുന്ന അവസ്ഥയാണ് ഉണ്ടായതെന്നു യാത്രക്കാരി ജെസ് സ്മിത്ത് പറയുന്നു.