Times Kerala

സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

 

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയല്ലെന്നും അതത് സര്‍ക്കാരുകളാണ് ആ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് എം.ബി. ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇക്കാര്യത്തില്‍ തീരുമാനം പറയാന്‍ കോടതിക്ക് ആവില്ലെന്നും ഇത് കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും വ്യക്തമാക്കിയ കോടതി എങ്ങനെയാണ് കോടതിക്ക് ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനാവുകയെന്നും ചോദിച്ചു. ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Related Topics

Share this story