Times Kerala

ഭയന്ന് വിറച്ച് ഇന്ത്യ സെമിയില്‍

 
ഭയന്ന് വിറച്ച് ഇന്ത്യ സെമിയില്‍

ബര്‍മിംഗ്ഹാം: രോഹിത് വാണ ക്രീസില്‍ മിന്നും ജയവുമായി ഇന്ത്യ ലോകകപ്പ് സെമിയില്‍. 315 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിനെ 28 റണ്‍സിന് മറികടന്നാണ് ഇന്ത്യ ഓസ്‌ട്രേലിയക്കുശേഷം നോക്കൗട്ടിലെത്തുന്ന രണ്ടാം ടീമായി.

പേരുകേട്ട ടീമും ലോകോത്തര ബൗളിംഗ്‌നിരയും എതിരെ അണിനിരന്നിട്ടും തെല്ലും കൂസാതെയായിരുന്നു ബംഗ്ലാദേശ് ചേസിംഗ്. അതിവേഗവും കൃത്യതയുമായി പന്തെറിഞ്ഞ ജസ്പ്രീത് ബുംറയെയും ഭുവനേശ്വര്‍ കുമാറിനെയും ക്ഷമയോടെ നേരിട്ട തമീം-സൗമ്യ സര്‍ക്കാര്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 10-ാം ഓവറില്‍ മുഹമ്മദ് ഷമി പൊളിക്കുന്നതോടെയാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്. പിറകെ എത്തിയ ഓള്‍റൗണ്ടര്‍ ശാകിബുല്‍ ഹസന്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും കൂട്ടുനല്‍കാന്‍ അധികമാരുമുണ്ടായില്ല. മുഷ്ഫിഖുര്‍ റഹീമും ലിട്ടണ്‍ ദാസും വാലറ്റത്ത് ശബീര്‍ റഹ്മാന്‍, സെയ്ഫുദ്ദീന്‍ എന്നിവരും മോശമല്ലാതെ ബാറ്റേന്തിയെങ്കിലും വലിയ ടോട്ടല്‍ മറികടക്കാന്‍ മതിയാകുമായിരുന്നില്ല. മറുവശത്ത്, ഇടവേളകളില്‍ ക്യാപ്റ്റന്റെ വിളികേട്ടെത്തിയ ബുംറ നിര്‍ണായകമായ നാലു വിക്കറ്റുകള്‍ പിഴുത് കളി ജയിക്കുന്നതില്‍ നിര്‍ണായകമായി.

നേരത്തേ, അത്ഭുതങ്ങളൊളിപ്പിച്ച ബൗളര്‍മാര്‍ പന്തെറിയാനില്ലാതിരുന്നിട്ടും ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ കത്രികപ്പൂട്ടിടുന്നതില്‍ ബംഗ്ലാദേശ് വിജയിച്ചു. നാലാംവട്ടവും സെഞ്ച്വറി കുറിച്ച് രോഹിത് ശര്‍മ മുന്നില്‍നിന്നു നയിച്ച ഇന്നിംഗ്‌സില്‍ ഇന്ത്യ അടിച്ചെടുത്തത് 314 റണ്‍സ്. പരിക്കുമായി ആദ്യം ശിഖര്‍ ധവാനും പിന്നീട് വിജയ് ശങ്കറും മടങ്ങിയ ഇന്ത്യന്‍ ക്യാമ്പിന്റെ ശക്തിയെക്കാള്‍ ദൗര്‍ബല്യങ്ങള്‍ പ്രകടമാക്കിയ ഇന്നിങ്‌സായിരുന്നു ഇന്നലെത്തേത്. ഒമ്പതു റണ്‍സ് ചേര്‍ക്കുന്നതിനിടെ ഡീപ് സ്‌ക്വയര്‍ ലെഗില്‍ രോഹിത് നല്‍കിയ അനായാസ ക്യാച്ച് കൈവിട്ട തമീം ഇഖ്ബാലിനോട് ടീം ഇന്ത്യ നന്ദി പറയണം. വീണുകിട്ടിയ ആയുസ്സുമായി ഉറച്ചുനിന്ന് പൊരുതിയ രോഹിത് കുറിച്ച ഈ ലോകകപ്പിലെ നാലാം സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് 300 കടത്തിയത്.

Related Topics

Share this story