chem

‘കോവിഡ്19 മായി താരതമ്യം ചെയ്യുമ്പോള്‍ നിപ്പ നിസ്സാരം, വന്ന പോലെ അങ്ങ് പോകും’; ഡോ. സുല്‍ഫി നൂഹു പറയുന്നു

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച 12 വയസുകാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് പടരുന്നതിനൊപ്പം നിപ കൂടി സ്ഥിരീകരിച്ചതോടെ പലരുംസംസ്ഥാനം ആശങ്കയിലാണ്.ഇതിനിടെ ഡോ. സുല്‍ഫി നൂഹ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നിപ്പ വന്ന പോലെ പോകുമെന്ന് അദ്ദേഹം കുറിച്ചു.

ഡോ. സുല്‍ഫി നൂഹിന്റെ കുറിപ്പ്,

നിപ്പ വന്ന പോലെ പോകും? എന്താ സംശയമുണ്ടോ? സംശയമുണ്ടെങ്കില്‍ ഈ കണക്കുകളൊന്നു നോക്കണം. 98 മുതല്‍ 2008 വരെ ലോകത്തെമ്പാടും നിപ്പ ബാധിച്ചത് വെറും 477 പേരില്‍. അതായത് 10 കൊല്ലത്തിനിടയ്ക്ക് 500ല്‍ താഴെ. ഇവിടെ ദിവസം 30000 കോവിഡ് വരുമ്പോഴാണ് നിപ്പ അഞ്ഞൂറില്‍ താഴെ അതും10 കൊല്ലത്തില്‍. നിപ്പയുടെ ആര്‍, ബേസിക്ക് റീപ്രൊഡക്ടീവ് റേറ്റ് അല്ലെങ്കില്‍ ആര്‍ 0.2 ചുറ്റുവട്ടമായിരുന്നു കഴിഞ്ഞ തവണ. കോവിഡ് പോലെയോ മറ്റൊരു വൈറല്‍ പനിയെ പോലെയോ പടര്‍ന്നുപിടിക്കുന്ന ഒരു രോഗമല്ല നിപ്പ ഒരുപക്ഷേ സെല്‍ഫ് ലിമിറ്റിങ്ങ് എന്ന കടുത്ത വാക്ക് ഉപയോഗിക്കാമോയെന്നറിയില്ല.

മുന്‍പ് കേരളത്തില്‍ വന്നപ്പോഴും ഇത് അങ്ങനെ തന്നെയായിരുന്നു. അന്ന് കേരളത്തില്‍ പുതിയ രോഗമായതുകൊണ്ടുതന്നെ അത് കണ്ടുപിടിക്കാന്‍ പെട്ടെന്ന് കഴിഞ്ഞത് വലിയ നേട്ടമായി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അന്നൊരു ഷെര്‍ലക്‌ഹോംസായത് പെട്ടെന്ന് രോഗനിര്‍ണയം സാധ്യമാക്കി അതിനപ്പുറം നിപ്പയില്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലയെന്നുള്ളതാണ് ശാസ്ത്രസത്യം. അന്ന് നിപ്പ ബാധിച്ചത് വെറും 19 പേരില്‍ മാത്രം. മുന്‍കരുതലുകള്‍ എല്ലാം സൂക്ഷിച്ചാല്‍ പടര്‍ന്നുപിടിക്കാന്‍ വളരെ സാധ്യത കുറഞ്ഞ രോഗം. കോവിഡ് 19 മിന്നല്‍വേഗത്തില്‍ പറക്കുമ്പോള്‍ നിപ്പ ഒച്ചിന്റെ വേഗത്തില്‍ ഇഴയും പറഞ്ഞുവന്നത്, നിപ്പ വന്ന പോലെ പോകും! അതാണ്.

നിപ്പ ഒരു സൂനോടിക് രോഗം.അതായത് മൃഗങ്ങളില്‍ നിന്ന് പകരുന്ന രോഗം, പ്രധാനമായും വവ്വാലുകളില്‍ നിന്നും. രോഗലക്ഷണങ്ങള്‍ ശക്തമായ പനി ചുമ ശ്വാസംമുട്ടല്‍ ശരീരവേദന തലവേദന എന്നിവ. ഗുരുതരമായ ശ്വാസതടസ്സം ഉണ്ടാക്കുന്ന തരത്തില്‍ ശ്വാസകോശങ്ങളെ ബാധിക്കുപോഴും തലച്ചോറിനെ ബാധിക്കുപോഴും മരണം സംഭവിക്കാം. ഒരു വാക്‌സിന്‍ ലഭ്യമല്ല. ഒരുപക്ഷേ വാക്‌സിന്‍ ആവശ്യമുണ്ടോ എന്നുള്ളതാണ് ഏറ്റവും പ്രസക്തം . വളരെ ചുരുക്കം പേരെ ബാധിക്കുന്ന ഒരു അസുഖത്തിന് വാക്‌സിന്‍ പഠനങ്ങള്‍ കൂടുതല്‍ നടന്നിട്ടില്ല എന്നുള്ളത് സത്യം. എങ്ങനെ തടയാമെന്നുള്ളതാണല്ലോ ഏറ്റവും പ്രസക്തമായ ചോദ്യം.

നിപ്പാ രോഗം ബാധിച്ച ആള്‍ക്കാരെ സംരക്ഷിക്കുന്നവരും രോഗ ചികിത്സ നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം കരുതല്‍ വേണം. വവ്വാലുകള്‍ കടിച്ച ഫലവര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ. ഇതിലെ ഒരുപക്ഷേ ഭയപ്പെടുത്തുന്ന ഭാഗം നിപ്പയുടെ മോര്‍ട്ടാലിറ്റി റേറ്റ് ആണ്. ഏതാണ്ട് 40 മുതല്‍ 75ശതമാനം വരെ. വളരെ ചുരുക്കം പേരെ ബാധിക്കുന്നതുകൊണ്ട് തന്നെ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാന്‍ സാധ്യതയുള്ള രോഗമാണ് നിപ. ഒരാളിലേക്ക് അണുബാധ ഉണ്ടായാല്‍ രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ 14 ദിവസത്തോളമെടുക്കും. നമ്മുടെ കോവിഡ് ഡെല്‍റ്റ വകഭേദത്തിന് ഇത് ഏതാണ്ട് മൂന്നു ദിവസങ്ങള്‍ പറഞ്ഞുവന്നത് നിപ്പ വന്ന പോലെ പോകും. മുന്‍പും അങ്ങനെതന്നെ. കോവിഡ്19 മായി താരതമ്യം ചെയ്യുമ്പോള്‍ നിപ്പ നിസ്സാരം. മുന്‍കരുതലുകളും മുന്നൊരുക്കങ്ങളും രോഗ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടയെന്നര്‍ത്ഥമില്ല. എന്നാല്‍ നിപയെ ഭയന്നോടരുതെന്ന് മാത്രം വിളിച്ചു പറയേണ്ടി വരുന്നു. നിപ്പ വന്ന പോലെ പോകും.. ഉറപ്പായും.
ഡോ സുല്‍ഫി നൂഹു

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like
Leave A Reply

Your email address will not be published.