Times Kerala

ഓണസദ്യയൊരുക്കാൻ പാലമേൽ നൽകും ടൺ കണക്കിന് പച്ചക്കറി

 
ഓണസദ്യയൊരുക്കാൻ പാലമേൽ നൽകും ടൺ കണക്കിന് പച്ചക്കറി

ആലപ്പുഴ: ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഓണത്തെ വരവേൽക്കാനായി പാലമേലിലെ വിപണിയും കർഷകരും ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ഓണ സദ്യ ഒരുക്കുന്നതിനായി ഇവിടെ നിന്നും പച്ചക്കറികൾ സംഭരിച്ച് കയറ്റി അയച്ചു തുടങ്ങി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 20 ടൺ പച്ചക്കറിയാണ് ഇതുവരെ വിവിധ ബ്ലോക്കുകളിലേക്കും ഓണചന്ത കളിലേക്കും ഹോർട്ടികോർപ്പിലേക്കും നൽകിയത്.

അഞ്ച് ടൺ വീതം ഏത്തക്കായ, ചേന, ഒന്നര ടൺ വീതം ചേമ്പ്, ഇഞ്ചി, ഒരു ടൺ വീതം മത്തൻ, വെള്ളരി, പടവലം, 750 കിലോ വീതം തടിയൻ കായ, കുമ്പളം, സാലഡ് വെള്ളരി, 500 കിലോ വീതം പയർ, പാവൽ എന്നിവയാണ് പാലമേലിൽ കൃഷിഭവന്റെ നേതൃത്വത്തിൽ പാലമേൽ എ ഗ്രേഡ് ക്ലസ്റ്റർ കാർഷിക വിപണി വഴി സംഭരിച്ച് കയറ്റി അയച്ചത്. അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര ബ്ലോക്കുകളിലേക്കും ഹരിപ്പാട്, ആലപ്പുഴ ഹോർട്ടികോർപ്പുകളിലേക്കും പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലേക്കുമാണ് പച്ചക്കറികൾ നൽകിയത്.

ഓണവിപണി മുന്നിൽക്കണ്ട് പാലമേൽ ഗ്രാമപഞ്ചായത്തിലെ മറ്റപ്പള്ളി, ആദിക്കാട്ടുകുളങ്ങര, പളയിൽ, പള്ളിക്കൽ എന്നീ നാല്് ക്ലസ്റ്റ്റുകളിലും മറ്റ് ഇടങ്ങളിലുമായി 75 ഹെക്ടർ സ്ഥലത്താണ് കൃഷി ഇറക്കിയത്. പ്രാദേശിക ഉപയോഗത്തിന് ആവശ്യമായതിലേറെ പച്ചക്കറികളാണ് പാലമേലിൽ കൃഷി ചെയ്യുന്നത്. അതിനാലാണ് ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്കും ഇവിടെ നിന്ന് ഓണത്തിനുള്ള പച്ചക്കറികൾ എല്ലാ വർഷവും സംഭരിച്ച് നൽകുന്നത്. വരും ദിവസങ്ങളിലും പച്ചക്കറി സംഭരണം തുടരും. പച്ചക്കറി സംഭരണത്തിനും കയറ്റി അയയ്ക്കലിനും പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ, ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. രജനി, പാലമേൽ കൃഷി ഓഫീസർ പി. രാജശ്രീ എന്നിവർ നേതൃത്വം നൽകുന്നു.

Related Topics

Share this story