Times Kerala

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐ.പി.ഒ.യ്ക്ക്

 
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐ.പി.ഒ.യ്ക്ക്

കൊച്ചി: കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രഥമ ഓഹരി വില്‍പ്പന(ഐ.പി.ഒ.)യ്ക്കുള്ള കരടുരേഖ വീണ്ടും ‘സെബി’ക്ക് സമര്‍പ്പിച്ചു. 998 കോടി രൂപയുടെ മൂലധന സമാഹരണമാണ് ബാങ്കിന്റെ ലക്ഷ്യം. ജനുവരിയില്‍ ബാങ്ക് കരടുരേഖ സമര്‍പ്പിച്ചിരുന്നെങ്കിലും രാജ്യവ്യാപകമായി നേരിട്ട കോവിഡ് പ്രതിസന്ധിയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും കാരണം ഐപിഒ മാറ്റിവെക്കുകയായിരുന്നു.

800 കോടി രൂപ പുതിയ ഓഹരി വില്‍പ്പനയിലൂടെയും ബാക്കി നിലവിലെ ഓഹരി ഉടമകളുടെ പക്കലുള്ള ഓഹരികളുടെ വില്‍പ്പനയിലൂടേയും സമാഹരിക്കാനാണു പദ്ധതി. പിഎന്‍ബി മെറ്റ് ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ്, പിഐ വെന്‍ചേഴ്‌സ് എല്‍എല്‍പി, ജോണ്‍ ചക്കോള എന്നിവരാണ് നിലവിലെ ഓഹരി ഉടമകള്‍. ലീഡ് മാനേജര്‍മാരുടെ ഉപദേശത്തിന് വിധേയമായി 300 കോടി രൂപ വരെ പ്രീ-ഐപിഒ പ്ലെയ്‌സ്‌മെന്റും ബാങ്ക് പരിഗണിക്കും.

ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ വായ്പാ വരുമാനം, ആസ്തി വളര്‍ച്ചാ നിരക്ക്, റീട്ടെയില്‍ നിക്ഷേപ വിഹിതം എന്നിവയില്‍ മുന്നിലാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ഇന്ത്യയിലുടനീളം 21 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇസാഫിന് ബാങ്കിന് സാന്നിധ്യമുണ്ട്. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 46 ലക്ഷത്തോളം ഉപഭോക്താക്കളും, 550 ശാഖകളും 421 ഉപഭോക്തൃ സേവന കേന്ദ്രങ്ങളും രാജ്യത്തുടനീളം ഇസാഫിനുണ്ട്.

സേവനങ്ങള്‍ നല്‍കുമ്പോള്‍ ജനങ്ങള്‍, പ്രകൃതി, സമൃദ്ധി എന്നീ മൂന്നു വിശാല ആശയങ്ങളില്‍ ഊന്നിനില്‍ക്കുക എതാണ് ഇസാഫിന്റെ സമീപനം. മൈക്രോ വായ്പകള്‍, റീട്ടെയില്‍ വായ്പകള്‍, എംഎസ്എംഇ, കോര്‍പ്പറേറ്റ് വായ്പകള്‍, കാര്‍ഷിക വായ്പകള്‍ എന്നിവയും ബാങ്ക് നല്‍കുന്നുണ്ട്.

2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം വായ്പകള്‍ 27.37 ശതമാനം വര്‍ധിച്ച് 6606 കോടി രൂപയില്‍ നിന്നും 8415 കോടി രൂപയിലെത്തി. നിക്ഷേപം മുന്‍ വര്‍ഷത്തെ 7028 കോടി രൂപയില്‍ നിന്നും 8999 കോടി രൂപയായും ഉയര്‍ന്നു.

ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളില്‍ തുടര്‍ന്നും ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എന്‍ആര്‍ഐ, കാസ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും കരട് രേഖയില്‍ പറയുന്നു. മറ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന റീട്ടെയ്ല്‍ നിക്ഷേപ വിഹിതമുള്ള ബാങ്കാണ് ഇസാഫ്. ആക്‌സിസ് ക്യാപിറ്റല്‍, എഡെല്‍വീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ എന്നിവയാണ് ഐപിഒയ്ക്ക് നേതൃത്വം നല്‍കുന്നത്

Related Topics

Share this story