chem

വീട്ടില്‍ ഒതുങ്ങി മക്കളുടെ കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കേണ്ടിയിരുന്ന ഞാന്‍ ഷാനുവിലൂടെ കണ്ടത് അത്രയും ചെറിയ ലോകമല്ല . അതുകൊണ്ടല്ലേ കുറച്ചു പേരെങ്കിലും ‘ഷാനുവിന്റെ ഉമ്മ’ എന്നെന്നെ അഭിസംബോധന ചെയ്യുന്നത്; കുറിപ്പ്

ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരായ തങ്ങള്‍ക്കും അങ്ങനെ ആഗ്രഹിച്ചുകൂടേയെന്ന് ചോദിക്കുകയാണ് ഷബ്‌ന എന്ന അമ്മ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷബ്‌നയുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

അതെ,

ഞാന്‍ ഷാനുവിന്റെ ഉമ്മയാണ്..!

ഈയിടെ തിരൂര്‍ ടൗണിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ കയറിപ്പോള്‍ അവിടെയുള്ള പയ്യന്‍ മാസ്‌കിട്ട എന്റെ മുഖത്ത് നോക്കി ചോദിച്ചു ‘ഷാനുവിന്റെ ഉമ്മയല്ലേ?

അതെ എന്നു തലയാട്ടി എങ്കിലും എനിക്കു പ്രേത്യേകിച്ചൊന്നും തോന്നിയില്ല. ഞാന്‍ ഒന്നേ ചോദിച്ചുള്ളൂ എഫ് ബി നെയിം എന്താണ്?

പലയിടങ്ങളില്‍ നിന്നായി ഞാനീ ചോദ്യം കേട്ടു വരുന്നു . എനിക്ക് സന്തോഷമാണ് അത് കേള്‍ക്കുന്നത്. അറിയുന്ന ചിലര്‍ അങ്ങനെയേ വിളിക്കു ‘ഷാനുവിന്റ ഉമ്മ’.

ഏതൊരു സ്ത്രീയുടെയും സ്വപ്നങ്ങളില്‍ ഒന്നാണ് തന്റെ മക്കളിലൂടെ താന്‍ അറിയപ്പെടണം എന്നത്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരായ ഞങ്ങള്‍ക്കും ആഗ്രഹിച്ചൂടെ, സ്വപ്നം കണ്ടുകൂടെ അങ്ങനെ അറിയപ്പെടാന്‍.

മക്കള്‍ ഭിന്നശേഷിക്കാരാണ് എന്നറിഞ്ഞാല്‍ ചിലര്‍ പെട്ടെന്നൊരു ചോദ്യമാണ്. നല്ല കുട്ടികള്‍ വേറെയുണ്ടോ?

ഈ കുഞ്ഞു മാത്രമായാല്‍ നിങ്ങളെ നോക്കാന്‍ ആരുമില്ലാതായി പോകില്ലേ?

അതൊരിക്കലും തെറ്റായ ഒരു ചോദ്യമായി ഞാന്‍ കരുതുന്നില്ല. ആളുകള്‍ക്ക് സഹതാപമാണ്. അതൊരു കുറ്റമല്ലല്ലോ?

പക്ഷെ ആ ചോദ്യങ്ങളൊക്കെ എടുത്തു കളയേണ്ട കാലമായില്ലെ? നാളെയെ കുറിച്ച് ആവലാതികളില്ലാത്ത ഞങ്ങളുടെ മക്കളെ പോലെ ഞങ്ങളും ജീവിക്കട്ടെ വേവലാതികളില്ലാതെ.

നോര്‍മല്‍ മക്കളെ കുറിച്ചോര്‍ത്ത് വിഷമിക്കുന്ന കൂടുതല്‍ രക്ഷിതാക്കളെ കണ്ടിട്ടുണ്ട്.ചിലര്‍ വിഷമത്തോടെ പറയാറുമുണ്ട്. ‘ നിങ്ങള്‍ പറഞ്ഞതനുസരിക്കാന്‍ അറിയില്ലെങ്കിലും അവരെന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമല്ലൊ’എന്ന്.

അതെ ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങള്‍ എന്നും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നിരിക്കും.

എഫ് ബി യില്‍ ഞങ്ങളുടെ മക്കളെ കുറിച്ചല്ലാത്ത ഒരു പോസ്റ്റ് ഞാനിടുമ്പോള്‍ ചിലരെങ്കിലും എന്നോട് പറയാറുണ്ട്. ‘നിങ്ങളില്‍ നിന്നും കൂടുതല്‍ അവരെ പറ്റി അറിയാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’എന്ന്. ചിലര്‍ വന്നു ഷാനുവിന്റെ ക്ഷേമം അന്വേഷിക്കും, നാട്ടില്‍ വന്നാല്‍ അവനെ വന്നു കാണാന്‍ അനുവദിക്കുമോന്ന് ചോദിക്കും.

വിസിറ്റിംഗിന് ദുബായില്‍ പോയപ്പോള്‍ അവിടുന്നും കുറെപേരുണ്ടായിരുന്നു അവനെ കാണാന്‍ ആഗ്രഹമുള്ളവര്‍. അതൊക്കെ എനിക്ക് തരുന്ന സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല . അവനെ അല്ലെങ്കില്‍ ഭിന്നശേഷിക്കാരെ നിങ്ങള്‍ എത്രത്തോളം അംഗീകരിച്ചു എന്നുള്ളതിന്റെ ഉത്തരം തന്നെയാണത്.

ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ മകന്റെ ചെറിയൊരു അസുഖത്തിന് വിഷമിക്കുന്ന ഭാര്യക്ക് എന്റെ പോസ്റ്റുകള്‍ കാണിച്ചു കൊടുത്താണ് അവരെ പോസിറ്റീവ് ചിന്തയിലേക്ക് കൊണ്ടു വരുന്നതെന്ന് പറയും.

ഇനിയും ഞങ്ങളെ, ഞങ്ങളുടെ മക്കളെ സഹതാപത്തോടെ നോക്കുന്നവരോട് പറയാനൊന്നേയുള്ളു. ‘ഞങ്ങളുടെ ജീവിതത്തില്‍ ഒരു കാര്യം സംഭവിച്ചു. അത് ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കാന്‍ ശക്തിയുള്ള ഒന്നായിരുന്നു.

പല രക്ഷിതാക്കളും ഭിന്നശേഷിക്കാരായ മക്കളെ കൊണ്ട് പുറത്തിറങ്ങാത്തതിന് ഒരു കാരണമേയുള്ളൂ, മക്കളെ സമൂഹം അംഗീകരിക്കില്ല എന്ന പേടി.അവരോട് നേരിട്ടും അല്ലാതെയും പറയുന്ന കാര്യം ഒന്നേയുള്ളു ‘ആദ്യം നമ്മളവരെ അംഗീകരിക്കുക ലോകമവരെ അംഗീകരിക്കും’ തീര്‍ച്ച.

വീട്ടില്‍ ഒതുങ്ങി മക്കളുടെ കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കേണ്ടിയിരുന്ന ഞാന്‍ ഷാനുവിലൂടെ കണ്ടത് അത്രയും ചെറിയ ലോകമല്ല . അതുകൊണ്ടല്ലേ കുറച്ചു പേരെങ്കിലും ‘ഷാനുവിന്റെ ഉമ്മ’ എന്നെന്നെ അഭിസംബോധന ചെയ്യുന്നത്.

ജീവിതം പരീക്ഷണങ്ങളാണ്. ആ പരീക്ഷണങ്ങളില്‍ തളരാതിരുന്നാല്‍ നമ്മള്‍ ശക്തരാകും. ജീവിതത്തോട് നന്ദി കാണിക്കുക, നന്നായി ജീവിക്കുക ഓരോ നിമിഷവും.ഞാനോ എന്റെ ഷാനുവോ ഒറ്റക്കല്ല എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.ഒരു നിമിഷമെങ്കിലും വിഷമം വരുമ്പോള്‍ എന്നെയും എന്റെ മകനെയും ഓര്‍ത്ത് പോസിറ്റീവായി ചിന്തിക്കുന്നവരുടെ മെസ്സേജുകള്‍ എനിക്ക് ആത്മ വിശ്വാസംതരുന്നു.ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചും, ആത്മ വിശ്വാസം നല്‍കിയും, പിന്നില്‍ നില്‍ക്കുന്ന ഒരുപാട് പേരുണ്ട്. അതല്ലേ ഷാനുവിന്റെ ഉമ്മയായ എന്റെ ശരിയായ സന്തോഷം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like
Leave A Reply

Your email address will not be published.