Times Kerala

ആന്തൂര്‍ സംഭവത്തിനു കാരണം നേതാക്കളുടെ ഈഗോ; ഗോവിന്ദനെതിരെ ജെയിംസ് മാത്യു

 
ആന്തൂര്‍ സംഭവത്തിനു കാരണം നേതാക്കളുടെ ഈഗോ; ഗോവിന്ദനെതിരെ ജെയിംസ് മാത്യു

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി സിപിഎം എംഎല്‍എ ജയിംസ് മാത്യു. ആന്തൂരിലെ പ്രശ്‌നം തീര്‍ക്കാന്‍ നിവേദനം നല്‍കി താന്‍ മന്ത്രിയെ കൊണ്ട് നടപടി എടുപ്പിച്ചപ്പോള്‍ ഗോവിന്ദന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിക്കുകയും പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തെന്നാണ് ജയിംസ് മാത്യുവിന്റെ ആരോപണം. സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം ഉയര്‍ത്തി ജയിംസ് മാത്യു എം.വി.ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. സംഭവത്തില്‍ നേതാക്കള്‍ തമ്മില്‍ ഈഗോ ക്ലാഷ് ഉണ്ടായെന്നും എംഎല്‍എ സംസ്ഥാന സമിതിയില്‍ പറഞ്ഞു.

വ്യവസായിക്ക് ലൈസന്‍സ് കൊടുക്കുന്നില്ലെന്ന പരാതി കിട്ടിയപ്പോള്‍ തന്നെ സ്ഥലം എംഎല്‍എയായ താന്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നുവെന്ന് ജെയിംസ് മാത്യു പറഞ്ഞു. അന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായ കെടി ജലീലിനെ വിളിച്ച് ഇതേക്കുറിച്ച് താന്‍ പരാതി നല്‍കി. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ നഗരസഭാ സെക്രട്ടറി പികെ ശ്യാമളയുടെ ഭര്‍ത്താവ് കൂടിയായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കെടി ജലീലിന്‍റെ പി.എയെ വിളിച്ച് സംസാരിച്ചു. ഇത് എന്തിനായിരുന്നുവെന്ന് ജെയിംസ് മാത്യു സംസ്ഥാന സമിതിയോഗത്തില്‍ ചോദിച്ചു. എം.വി.ഗോവിന്ദന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചാണ് ഇടപെടല്‍ നടത്തിയതെന്നും ജയിംസ് മാത്യു സംസ്ഥാന സമിതിയല്‍ പറഞ്ഞു.

സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിച്ച സംഭവത്തില്‍ പികെ ശ്യാമള പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ അവര്‍ക്കൊപ്പം എംവി ഗോവിന്ദന്‍ മാസ്റ്ററും ഇടപെട്ടു എന്ന ഗുരുതര ആരോപണമാണ് ജെയിംസ് മാത്യു ഉന്നയിച്ചത്. എന്നാല്‍ സംസ്ഥാന സമിതിയില്‍ ഉണ്ടായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ ഇതിനോട് പ്രതികരിച്ചില്ല. താന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു എന്ന കാര്യം അദ്ദേഹം സമ്മതിച്ചു എന്നതും ശ്രദ്ധേയമാണ്.  എം.വി.ഗോവിന്ദനും പി.ജയരാജനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ആന്തൂരിലെ സംഭവങ്ങള്‍ക്ക് കാരണമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ജയിംസ് മാത്യു ഇന്ന് സംസ്ഥാന സമിതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍.

Related Topics

Share this story