Times Kerala

ജോസ് കെ.മാണിയുടെ ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലെന്ന് ജോസഫ്; ജോസഫിന് വിഭ്രാന്തിയെന്ന് ജോസ്.കെ.മാണി

 
ജോസ് കെ.മാണിയുടെ ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലെന്ന് ജോസഫ്; ജോസഫിന് വിഭ്രാന്തിയെന്ന് ജോസ്.കെ.മാണി

കോട്ടയം: ജോസ് കെ. മാണിയുടെ ചെയര്‍മാന്‍സ്ഥാനം വെന്റിലേറ്ററിലാണെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവനയ്ക്ക് ജോസ് കെ.മാണിയുടെ മറുപടി. പി.ജെ. ജോസഫ് രാഷ്ട്രീയജീവിതത്തില്‍ പലവട്ടം വെന്റിലേറ്ററില്‍ കഴിഞ്ഞതാണെന്നും അദ്ദേഹത്തിന് പുതുജീവന്‍ നല്‍കി രക്ഷിച്ചത് കെ.എം. മാണിയാണെന്ന കാര്യം മറക്കരുതെന്നും ജോസ്. കെ. മാണി പറഞ്ഞു.

പലരുടെയും എതിര്‍പ്പിനെ മറികടന്ന് കേരള കോണ്‍ഗ്രസാണ് അദ്ദേഹത്തിന് അഭയം നല്‍കിയത്. ഓരോദിവസം കഴിയുന്തോറും പ്രവര്‍ത്തകര്‍ കൂടെയില്ലെന്ന തിരിച്ചറിവ് ജോസഫിന് ഉണ്ടാകുന്നു. ഇതിന്റെ വിഭ്രാന്തിയിലാണോ ജോസഫിന്റെ പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ജോസ് കെ. മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍സ്ഥാനം കോടതി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ജോസ് കെ.മാണിയുടെ ചെയര്‍മാന്‍സ്ഥാനം വെന്റിലേറ്ററിലാണെന്നുമായിരുന്നു പി.ജെ. ജോസഫിന്റെ പ്രസ്താവന. യോഗം വിളിക്കാന്‍ അധികാരമില്ലാത്തയാളാണ് യോഗം വിളിച്ചതെന്നും ആള്‍മാറാട്ടം നടത്തിയാണ് സംസ്ഥാന കമ്മിറ്റി ചേര്‍ന്നതെന്നും പി.ജെ. ജോസഫ് ആരോപിച്ചിരുന്നു. നിയമാനുസൃതമല്ലാത്ത യോഗത്തിലെ തീരുമാനം കോടതി സ്‌റ്റേ ചെയ്തതാണെന്നും ജോസ് കെ. മാണി ചെയര്‍മാനായി പ്രവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, പി.ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചാണ് വനിത കേരള കോണ്‍ഗ്രസ് എമ്മും പിളര്‍ന്നു. അധ്യക്ഷ ഷീല സ്റ്റീഫന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ ചേര്‍ന്ന യോഗം പി.ജെ ജോസഫിന് പിന്തുണ അറിയിക്കുകയായിരുന്നു. സമവായ ചര്‍ച്ചകള്‍ നടന്നുെകാണ്ടിരിക്കെ സംസ്ഥാന കമ്മറ്റി എന്ന പേരില്‍ യോഗം വിളിച്ച് ജോസ് കെ.മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.

Related Topics

Share this story