Times Kerala

ചിന്നമ്മ വധം: ഭർത്താവിനെ നുണപരിശോധയ്ക്ക് വിധേയനാക്കാൻ കോടതി അനുമതി

 
ചിന്നമ്മ വധം: ഭർത്താവിനെ നുണപരിശോധയ്ക്ക് വിധേയനാക്കാൻ കോടതി അനുമതി

ഇടുക്കി: കട്ടപ്പനയിൽ ചിന്നമ്മയെന്ന വയോധികയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ജോർജിനെ നുണപരിശോധയ്ക്ക് വിധേയനാക്കാൻ കോടതി അനുമതി നല്‍കി. ചിന്നമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ജോര്‍ജ് നുണ പരിശോധയ്ക്ക് വിധേയനാകാൻ സന്നദ്ധനാണെന്ന് രേഖാമൂലം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണം മാറിയാലുടന്‍ ജോര്‍ജിന്റെ നുണ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.

അറുപതുകാരിയായ ചിന്നമ്മ കൊല്ലപ്പെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും കേസിൽ വഴിത്തിരിവ് ഉണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംശയനിഴലിലുള്ള ജോർജിനെ നുണപരിശോധനക്ക് വിധേയനാക്കാൻ തീരുമാനിച്ചത്.ജോർജിന്റെ അഭിപ്രായം രേഖപ്പെടുത്തി നുണ പരിശോധനയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും ലോക്ഡൗണില്‍ കുടുങ്ങി കോടതി നടപടി നീണ്ടു. ഒടുവില്‍ കേസ് പരിഗണിച്ച കോടതി കേസിന്റെ ആവശ്യാനുസരണം നുണ പരിശോധനയ്ക്ക് അനുമതി നല്‍കി. ലോക്ഡൗണ്‍ നിയന്ത്രണം മാറി തൃശൂര്‍ റീജണല്‍ ഫൊറന്‍സിക് ലാബ് പ്രവര്‍ത്തനം തുടങ്ങിയാന്‍ നുണ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏപ്രിൽ 8ന് പുലർച്ചെയാണ് വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയിൽ ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

താൻ മുകളിലെ നിലയിലെ മുറിയിലാണ് ഉറങ്ങാൻ കിടന്നതെന്നും പുലർച്ചെ താഴെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നുമായിരുന്നു ജോർജിന്റെ മൊഴി. ചിന്നമ്മയുടെ 4 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും ജോർജ് മൊഴി നൽകിയതിനാൽ മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന നിലയിൽ അന്വേഷണം നടന്നെങ്കിലും അത്തരത്തിലുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ല.

Related Topics

Share this story