Times Kerala

തറയിൽ തുണിവിരിച്ചുറങ്ങി കുമാരസ്വാമി; ഗ്രാമത്തിലേക്ക് നടന്നുകയറി ഇൗ ചിത്രം

 
തറയിൽ തുണിവിരിച്ചുറങ്ങി കുമാരസ്വാമി; ഗ്രാമത്തിലേക്ക് നടന്നുകയറി ഇൗ ചിത്രം

ബെംഗളൂരു: നിലനിൽപ്പിന്റെ തന്നെ പോരാട്ടത്തിലാണ് കർണാടകത്തിൽ കോൺഗ്രസ്–ജെഡിഎസ് സഖ്യസർക്കാർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മികച്ച മുന്നേറ്റം സർക്കാരിനെ വലിയ തോതിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.   ജനങ്ങള്‍ക്കായി താന്‍ റോഡിലും കിടക്കുമെന്നാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം. ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ അദ്ദേഹം നടത്തുന്ന ‘ഗ്രാമ വാസ്തവ്യ’ എന്ന പരിപാടി ജനപ്രീതി നേടി മുന്നേറുകയാണ്.

നോര്‍ത്ത് കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ചന്ദ്രകി ഗ്രാമ സന്ദര്‍ശനത്തിനിടെ തറയില്‍ കിടന്നുറങ്ങുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള സംഘം തങ്ങിയത്. സ്‌കൂളിലെ സിമന്റ് തറയില്‍ വിരിവിരിച്ച് കിടന്നുറങ്ങുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

നോര്‍ത്ത് ബെംഗളൂരുവില്‍ നിന്നും 490 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമായ യാദ്ഗ്രിയില്‍ പുലര്‍ച്ചെ 3: 27 നാണ് മുഖ്യമന്ത്രി എത്തിയത്. കര്‍ണാടക എക്‌സ്പ്രസിലായിരുന്നു യാത്ര. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കുമാരസ്വാമി ഇവിടെയെത്തുന്നത്. കര്‍ഷകരും യുവാക്കളും സ്ത്രീകളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് അര്‍ധരാത്രി സമയത്തും മുഖ്യമന്ത്രിയെ കാണാനും നിവേദനങ്ങള്‍ നല്‍കാനുമായി സ്‌കൂളിലെത്തിയത്.

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൈമറി ഹെല്‍ത്ത് സെന്ററുകളും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കണമെന്ന ആവശ്യമാണ് ആളുകള്‍ പ്രധാനമായും ഉന്നയിച്ചത്. രാത്രി കുട്ടികളോടൊത്ത് ഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ ഒരുക്കിയ കലാപരിപാടികളും അദ്ദേഹം കണ്ടു.

‘ഗ്രാമ വാസ്തവ്യ’ എന്ന പരിപാടിയുടെ ഭാഗമായി ട്രെയിന്‍ മാര്‍ഗമാണ് അദ്ദേഹം യദ്ഗിറിലെത്തിയത്. ഇവിടെ നിന്ന് കുമാരസ്വാമി ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് ചന്ദ്രകി എന്ന ഗ്രാമത്തിലെത്തിയത്. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുക എന്നതാണ് ഗ്രാമ വാസ്തവ്യ എന്ന പരിപാടിയുടെ ലക്ഷ്യം.

Related Topics

Share this story