Times Kerala

വീഡിയോ കോള്‍ വരും, എടുത്താൽ നഗ്നത പ്രദർശിപ്പിക്കും, പിന്നാലെ ഭീഷണിപ്പെടുത്തി പണം തട്ടൽ: ഇടുക്കി ജില്ലയിൽ പണം നഷ്ടമായത് നിരവധി പേർക്ക്

 
വീഡിയോ കോള്‍ വരും, എടുത്താൽ നഗ്നത പ്രദർശിപ്പിക്കും, പിന്നാലെ ഭീഷണിപ്പെടുത്തി പണം തട്ടൽ: ഇടുക്കി ജില്ലയിൽ പണം നഷ്ടമായത് നിരവധി പേർക്ക്

ഇടുക്കി: സംസ്ഥാനത്ത് സമൂഹമാധ്യമങ്ങൾ വഴി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവം. വീഡിയോ കോള്‍ ചെയ്യുകയും, തുടർന്ന് കോൾ അറ്റൻഡ് ചെയ്യുന്നതോടെ നഗ്നത പ്രദര്‍ശിപ്പിക്കുന്ന സംഘം ഈ കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്നാണ് പരാതി ഉയർന്നത്. ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോക്കോൾ ചെയ്താണ് സംഘം പണം തട്ടുന്നത്. അജ്ഞാത അക്കൗണ്ടുകളിൽ നിന്ന് വരുന്ന വീഡിയോ കോള്‍ സ്വീകരിച്ചാല്‍ ഉടൻ നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.

ഫോണ്‍ ഉപയോഗിക്കുന്നയാളുടെ മുഖം പതിഞ്ഞാലുടന്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്യും. തുടർന്ന് ഈ വീഡിയോ മോർഫ് ചെയ്ത ശേഷം വീഡിയോ സന്ദേശമയച്ചയാളുകളുടെ ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇടുക്കി ജില്ലയിൽ മാത്രം നിരവധിപേർക്കാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായി പണം നഷ്ടമായത്.വ്യാജ ഐ.ഡി.കളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള മറ്റ് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങള്‍ തന്നെയാവാം ഇതിനു പിന്നിലെന്നാണ് സൈബർ വിദഗ്ധരുടെ വിലയിരുത്തൽ.പരാതികളുടെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷണം തുടങ്ങി.

Related Topics

Share this story