Times Kerala

ബിഹാറിൽ കുട്ടികൾ മരിച്ച ആശുപത്രിയുടെ വളപ്പിൽ നൂറു കണക്കിന് അസ്ഥികൂടങ്ങൾ, ദുരൂഹത

 
ബിഹാറിൽ കുട്ടികൾ മരിച്ച ആശുപത്രിയുടെ വളപ്പിൽ നൂറു കണക്കിന് അസ്ഥികൂടങ്ങൾ, ദുരൂഹത

പട്ന :  ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് 108 കുട്ടികൾ മരണമടഞ്ഞ മുസാഫർപുരിലെ മെഡിക്കല്‍ കോളജ് പരിസരത്തു നിന്ന് തലയോട്ടികളും അസ്ഥികൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയ സംഭവം വിവാദമാകുന്നു. സർക്കാർ വക ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ (എസ്കെഎംസിഎച്ച്) പരിസരത്തു നിന്നാണ് തലയോട്ടിയും അസ്ഥികൂടങ്ങളും മറ്റ് അവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം പുറന്തള്ളപ്പെട്ടവയാണ് ഇവയെന്നാണു കരുതുന്നത്. സംഭവത്തിൽ വിശദ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. അതേ സമയം മുസാഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 149 ആയി.

‘അസ്ഥികൂടങ്ങൾ പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് കൃത്യമായി നീക്കം ചെയ്യണ്ടതായിരുന്നു. അൽപംകൂടി മാനുഷിക സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടിയിരുന്നു’ – എസ്കെഎംസിഎച്ച് മെഡിക്കല്‍ കോളജ് സൂപ്രണ്ട് എസ്.കെ ഷാഹി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് പ്രിന്‍സിപ്പലുമായി ഇക്കാര്യം സംസാരിക്കുമെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും ഷാഹി വ്യക്തമാക്കി.

മസ്തിഷ്കജ്വരം ബാധിച്ച് മുന്നൂറിലേറെ കുട്ടികള്‍ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിൽ ചികില്‍സയില്‍ കഴിയുന്നുണ്ട്. ആശുപത്രിയുടെ അടുത്തുള്ള കാട്ടിലാണ് നൂറുകണക്കിന് മനുഷ്യരുടെ അസ്ഥികൂടം കണ്ടെത്തിയത്. ചില അസ്ഥികൂടങ്ങള്‍ കത്തിച്ച് കളഞ്ഞ നിലയിലാണ്.  സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം പോസ്റ്റുമോര്‍ട്ടം ചെയ്ത അജ്ഞാത മൃതദേഹങ്ങള്‍ കാട്ടില്‍ തള്ളിയതാണന്നാണ് ആശുപത്രിയിലെ ജീവനക്കാരന്‍ പറയുന്നത്.  മസ്തിഷ്‌ക മരണം സംഭവിച്ച് 108 കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ആശുപത്രിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് മനുഷ്യത്വരഹിതമായ സമീപനവും ചർച്ചയാകുന്നത്.

Related Topics

Share this story