Times Kerala

യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്; ഇറ്റലി- തുർക്കി ഉദ്‌ഘാടന മത്സരം

 
യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്; ഇറ്റലി- തുർക്കി ഉദ്‌ഘാടന മത്സരം

ഫുട്ബോൾ പ്രേമികൾക്ക് ആവേശമുണർത്തി യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കമാകും. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ ഇറ്റലി തുർക്കിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം. 2020 ൽ നടക്കേണ്ടിയിരുന്ന മത്സരം കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തിൽ അവസാന ഇരുപത്തിയേഴ് മത്സരങ്ങളിൽ തോൽവി വഴങ്ങാതെ എത്തുന്ന ഇറ്റലിയെ നേരിടാൻ തുർക്കി നന്നായി പരിശ്രമിക്കേണ്ടിവരും. തുർക്കിയെയും വിലകുറച്ച് കാണാനാവില്ല. കഴിഞ്ഞ അവസാന 26 മത്സരങ്ങളിൽ മൂന്ന് എണ്ണത്തിൽ മാത്രമേ തുർക്കി പരാജയപ്പെട്ടുള്ളൂ. കൂടാതെ യൂറോ കപ്പിൽ പങ്കെടുക്കുന്ന 24 ടീമുകളിൽ ഏറ്റവും പ്രായം കുറഞ്ഞ ടീമാണ് തുർക്കിയുടേത്. 25 വയസാണ് ശരാശരി പ്രായം. 11 തവണ ഇറ്റലിയും തുർക്കിയും ഏറ്റുമുട്ടിയപ്പോൾ ഒരിക്കൽ പോലും തുർക്കിയ്ക്ക് ഇറ്റലിയെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. 8 കളികളിൽ ഇറ്റലി ജയിച്ചപ്പോൾ മൂന്ന് മത്സരം സമനിലയിലായി. 11 വേദികളിലായാണ് യൂറോ കപ്പ് മത്സരങ്ങൾ നടക്കുക. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗലാണ് നിലവിലെ യൂറോ ചാമ്പ്യന്മാർ.

ആരാധകരെ ആവേശത്തിലാക്കാൻ കരുത്തന്മാരുടെ ടീമുകൾ തമ്മിലുള്ള മികച്ച പ്രകടനങ്ങളാണ് വരാനിരിക്കുന്നത്. ഇന്ന് തുടങ്ങുന്ന യൂറോ കപ്പ് ജൂലൈ 11 നാണ് അവസാനിക്കുക.

യൂറോ കപ്പ് ഗ്രൂപ്പുകൾ

ഗ്രൂപ്പ് എ: ഇറ്റലി, സ്വിറ്റ്സർലാന്റ്, തുർക്കി, വെയിൽസ്‌

ഗ്രൂപ്പ് ബി: ബെൽജിയം, ഡെൻമാർക്ക്‌, ഫിൻലാൻഡ്, റഷ്യ

ഗ്രൂപ്പ് സി: ഓസ്ട്രിയ, നെതർലൻഡ്‌സ്‌, നോർത്ത് മാസിഡോണിയ, ഉക്രൈൻ

ഗ്രൂപ്പ് ഡി: ക്രോയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ്

ഗ്രൂപ്പ് ഇ: പോളണ്ട്, സ്ലോവാക്കിയ, സ്പെയിൻ, സ്വീഡൻ

ഗ്രൂപ്പ് എഫ്: ഫ്രാൻസ്, ജർമ്മനി, ഹംഗറി, പോർച്ചുഗൽ

Related Topics

Share this story