Times Kerala

അവസരങ്ങൾക്കായി കാത്തു നിൽക്കുന്നവർക്ക് പ്രചോദനമേകി കുടുംബശ്രീ ടോക് ഷോ

 
അവസരങ്ങൾക്കായി കാത്തു നിൽക്കുന്നവർക്ക് പ്രചോദനമേകി കുടുംബശ്രീ ടോക് ഷോ

കാസർഗോഡ്: ജീവിത പ്രതിസന്ധികളിൽ തളരാതെ, സംരഭകത്വത്തിലൂടെ അതിജീവിക്കാമെന്ന പാഠം പകർന്ന് കുടുംബശ്രീ ടോക് ഷോ. വിവിധ കാലഘട്ടങ്ങളിൽ സംരഭങ്ങൾ തുടങ്ങിയ ശേഷം വെല്ലുവിളികളെ തരണം ചെയ്ത് വിജയം നേടിയ കുടുംബശ്രീ പ്രവർത്തകരാണ് ജില്ലാ മിഷന്റെ ടോക് ഷോയിലൂടെ പൊതുസമൂഹത്തോട് സംവദിക്കുന്നത്. ഇനിയും അവസരങ്ങൾക്കായി കാത്തു നിൽക്കുന്നവർക്ക് പ്രചോദനമേകുകയാണ് പരമ്പരയായി സംഘടിപ്പിക്കുന്ന അതിജീവനത്തിന്റെ കഥയെന്ന ടോക് ഷോ.

കോവിഡ് കാല പ്രതിസന്ധികളിൽപ്പെട്ടു പോയ കുടുംബശ്രീ അംഗങ്ങൾ, ബാലസഭാ പ്രവർത്തകർ, കർഷകർ തുടങ്ങി സമസ്ത മേഖലയിലെയും ആളുകൾക്ക് സംരഭകത്വത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിച്ചെടുത്താണ് ടോക് ഷോ. ലോക്ഡൗൺ കാലത്ത് അവസരങ്ങളുടെ ജാലകം എന്ന ഓൺലൈൻ പരിപാടി കുടുംബശ്രീ നടത്തിയിരുന്നു. സംരംഭ മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സൂക്ഷിക്കേണ്ട ലൈസൻസുകൾ, വിവിധ വകുപ്പുകളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുന്നതായിരുന്നു അവസരങ്ങളുടെ ജാലകമെന്ന പരിപാടി.

വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ക്ലാസുകൾക്ക് പിന്നാലെയാണ് സംരഭകരാകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവർക്ക് പിന്തുണയേകാനായി അതിജീവനത്തിന്റെ കഥകൾ കൂടി പകർന്ന് കൊടുക്കുന്നത്. സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള പരിപാടിയിൽ നിരവധി പേരാണ് പങ്കെടുക്കുന്നത്.

ഇതിനകം 35 സംരംഭകർ തങ്ങളുടെ വിജയകഥ പറഞ്ഞു കഴിഞ്ഞു. തങ്ങൾ നേരിട്ട പ്രതിസന്ധികളും പ്രയാസങ്ങളും ദുഃഖങ്ങളും മറികടന്ന് പുഞ്ചിരിയുടെ നാളുകളിലേക്കുള്ള എത്തിയതിന്റെ നാൾവഴികൾ പറഞ്ഞു കൊടുക്കുമ്പോൾ അത് പുതുതായി ഈ മേഖലകളിലേക്ക് കടന്നു വരുന്നവരുടെ മുന്നോട്ടുപോക്കിന് പ്രചോദനമാകുന്നു.

കുടുംബശ്രീ ജില്ലാ മിഷൻ വഴിയും സിഡിഎസ് മുഖേനയും ലഭിച്ച ആനുകൂല്യങ്ങളും മാനസിക പിന്തുണയുമാണ് സംരംഭ വിജയത്തിന്റെ അടിസ്ഥാനമെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ സംരംഭകർ പറയുന്നു.

Related Topics

Share this story