chem

ലൈംഗികതയെ തകർക്കുന്ന പുകവലി.!

സിഗരറ്റും ബീഡിയുമൊക്കെ ചുമ്മാതൊരു ഗമയ്ക്ക് പുകച്ചു തുപ്പുമ്പോള്‍ ഓര്‍ക്കുക, അത്
ലൈംഗികതയുടെ നാരായവേരുകൂടി കരിച്ചു കളയുമെന്ന്. കിടപ്പറയില്‍ പരാജയത്തിന്റെ
വിയര്‍പ്പില്‍ കുളിച്ച്, ചുണ്ടിലേക്കൊരു
സിഗരറ്റുകൂടി കത്തിച്ചു
തിരുകുന്ന ദുരന്തനായകന്മാര്‍ സിനിമയില്‍ മാത്രമല്ല നമുക്കുചുറ്റുമുണ്ട്.
ഞരമ്പില്‍ വലിച്ചുനിറച്ച വിഷപ്പുക ലൈംഗികാവയങ്ങളുടെ പ്രവര്‍ത്തനത്തെയും
പ്രത്യുല്‍പാദന സംവിധാനത്തെയും താറുമാറാക്കുമെന്ന് പഠനങ്ങള്‍
തെളിയിക്കുന്നു. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍ സെക്‌സിനെ പ്രതികൂലമായി
ബാധിക്കുന്നവയില്‍ ഒന്നാം സ്ഥാനം പുകവലിക്കുണ്ട്. തായ്‌ലാന്‍ഡ് പോലുള്ള ചില
രാജ്യങ്ങളില്‍ സിഗരറ്റു കൂടിനു മുകളില്‍ ‘പുകവലി ലൈംഗിക ശേഷി
നശിപ്പിക്കു‘മെന്ന് മുന്നറിയിപ്പ് അച്ചടിച്ചിട്ടുണ്ട്. സിഗരറ്റ്
നിര്‍മാതാക്കളെ ഭയന്നിട്ടാവും മറ്റ് രാജ്യങ്ങള്‍ ഇത്തരമൊരു നീക്കത്തിന്
മുതിരാത്തത്. സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ശാരീരിക
പ്രശ്‌നങ്ങളാണ് പുകവലി സൃഷ്ടിക്കുന്നത്. പുകവലി കാര്‍ന്നെടുത്ത
ലൈംഗികശേഷിക്ക് പരിഹാരം തേടി സൈക്യാട്രിസ്റ്റുകളെ സമീപിക്കുന്നവരുടെ എണ്ണം
പെരുകുകയാണ്. മറ്റുചിലരാകട്ടെ ലൈംഗിക ഉത്തേജക മരുന്നുകളില്‍ അഭയം
കണ്ടെത്തുന്നു. ദീര്‍ഘനാളായി തുടരുന്ന പുകവലിയാണ് ലൈംഗിക പ്രശ്‌നങ്ങള്‍ക്ക്
വഴിതെളിക്കുന്നത്. വൃത്തിയുള്ള അന്തരീക്ഷവും ശുദ്ധമായ ശരീരവുമാണ്
സെക്‌സിനെ ഏറ്റവും ആസ്വാദ്യകരമാക്കി തീര്‍ക്കുന്നത്. എന്നാല്‍ സിഗരറ്റിന്റെ
ഗന്ധം മുറ്റിയ ശ്വാസം പങ്കാളിയില്‍ മടുപ്പും വെറുപ്പും ഉളവാക്കും.
സ്ത്രീകള്‍ പൊതുവേ സിഗരറ്റിന്റെ ഗന്ധം വെറുക്കുന്നവരാണ്. പതിവായി
പുകവലിക്കുന്നവരുടെ ദേഹത്തും നിശ്വാസവായുവിലും സിഗരറ്റിന്റെ ഗന്ധം
തങ്ങിനില്‍ക്കും. ഈ ഗന്ധം സെക്‌സിലേക്കുള്ള സുഗമമായ യാത്ര
തടസപ്പെടുത്തുന്നു. ഫലം ലൈംഗിക അതൃപ്തിയും വിരക്തിയും. സിഗരറ്റിന്റെ ഗന്ധം
ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തിയ നിരവധി സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ട്. ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം പങ്കാളികള്‍ തമ്മിലുള്ള
മാനസിക അകല്‍ച്ചയ്ക്കുപോലും പുകവലി കാരണമാകുന്നു.

ഉദ്ധാരണശേഷി നശിപ്പിക്കുന്നു

പുകവലിമൂലം പുരുഷന്മാരില്‍ സംഭവിക്കുന്ന പ്രധാനപ്പെട്ട ലൈംഗിക
പ്രശ്‌നമാണ് ഉദ്ധാരണശേഷി നഷ്ടമാകുന്നത്. സെക്‌സിന് സഹായിക്കും വിധം
ലിംഗത്തിന് ഉദ്ധാരണം സംഭവിക്കുകയും അത് നിലനില്‍ക്കുകയും ചെയ്യുന്നതാണ്
ശരിയായ ഉദ്ധാരണം എന്നു പറയുന്നത്. ശരാശരി 10 പേരില്‍ ഒരാള്‍ക്ക്
ഉദ്ധാരണശേഷിക്കുറവ് കാണാറുണ്ട്. ഇങ്ങനെയുള്ളവരില്‍ 50 ശതമാനവും
പുകവലിക്കുന്ന, 30 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. ലൈംഗികമായി
ഉത്തേജിക്കപ്പെടുമ്പോള്‍ തലച്ചോറിന്റെ നിര്‍ദേശപ്രകാരം ലിംഗത്തിലേക്ക്
കൂടുതല്‍ രക്തം ഇരച്ചു കയറുമ്പോഴാണ് ഉദ്ധാരണം സംഭവിക്കുന്നത്. എന്നാല്‍
അമിതമായി പുകവലിക്കുന്നവരുടെ ശുദ്ധരക്തക്കുഴലില്‍ കൊഴുപ്പ് അടിഞ്ഞ്
രക്തപ്രവാഹം തടസപ്പെടുന്നു. ഇതിന്റെ ഫലമായി ലിംഗത്തിലേക്ക് ആവശ്യത്തിന്
രക്തം എത്തിച്ചേരാതെ ഉദ്ധാരണം ലഭിക്കാതെവരുന്നു. പുകയിലയില്‍
അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ തലച്ചോറില്‍ പ്രവര്‍ത്തിച്ച് ലിംഗപേശികളെ
ചുരുക്കിക്കളയുന്നു. ഇതും രക്തപ്രവാഹത്തിന് തടസമാകുന്നു. കൂടാതെ
നിക്കോട്ടിന്‍ ലിംഗത്തിലെ വാല്‍വ് സംവിധാനത്തെ തകരാറിലാക്കുന്നു. ഇതിന്റെ
ഫലമായും ഉദ്ധാരണം ലഭിക്കാതെവരുന്നു. ഇങ്ങനെ ഉദ്ധാരണം പൂര്‍ണമായും
മരവിപ്പിക്കാന്‍ തുടര്‍ച്ചയായ പുകവലി കാരണമാകും.

വന്ധ്യതയ്ക്ക് കാരണം

വര്‍ധിച്ചുവരുന്ന പുരുഷ വന്ധ്യതയില്‍ പുകവലി ഒരു സുപ്രധാന കാരണമായി
ചൂണ്ടിക്കാണിക്കപ്പെടുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന മാരക
വിഷവസ്തുക്കള്‍ വൃഷണത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. പുകവലി
ബീജത്തിന്റെ സാന്ദ്രത, ബീജാണുക്കളുടെ എണ്ണം, ഗുണനിലവാരം തുടങ്ങിയവ
കുറയ്ക്കുന്നു. ബീജത്തിന്റെ എണ്ണവും സാന്ദ്രതയും കുറയുന്നതുമൂലം
വന്ധ്യതയ്ക്ക് കാരണമാകുന്നു. പതിവായി പുകവലിക്കുന്ന പുരുഷന്മാരില്‍
പുകവലിക്കാത്തവരെ അപേക്ഷിച്ച് ബീജാണുക്കളുടെ എണ്ണം കുറവായിരിക്കും. കൂടാതെ
പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ബീജത്തിന്റെ ചലനശേഷി
കുറയ്ക്കുന്നു. സമീപകാലത്ത് നടന്ന പഠനങ്ങളില്‍ വന്ധ്യതയനുഭവിക്കുന്ന
പുരുഷന്മാരില്‍ വലിയ ശതമാനവും പുകവലി ശീലമുള്ളവരാണ്. ചലനശേഷി
കുറയുന്നതിനൊപ്പം ബീജത്തിന്റെ രൂപഘടനയിലും മാറ്റം വരുത്താന്‍
പുകയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ക്ക് കഴിയുന്നു.

സ്ത്രീകളില്‍

സ്ത്രീകളില്‍ പുകവലി പ്രത്യുല്‍പാദന സംവിധാനത്തെ തകര്‍ക്കുന്നു.
പുകയിലയില്‍ അടങ്ങിയിരിക്കുന്ന മാരക വിഷവസ്തുക്കള്‍ സ്ത്രീകളില്‍ അകാല
ആര്‍ത്തവവിരാമം ഉണ്ടാക്കുന്നു.
പുകവലിക്കുന്ന സ്ത്രീകളുടെ
ഗര്‍ഭപാത്രത്തിന് കേടുപാടുകള്‍ സംഭവിക്കുന്നു. ക്രമം തെറ്റിയ
ആര്‍ത്തവമുണ്ടാകുന്നതിനും ആര്‍ത്തവ സ്രവത്തില്‍ അസ്വഭാവികമായ മാറ്റങ്ങള്‍
കാണാനും ഇടയാക്കുന്നു. പുകവലി തുടര്‍ച്ചയായ അബോര്‍ഷന് കാരണമാകുന്നു.
ഇതിനെല്ലാമുപരി പുകവലിക്കുന്ന സ്ത്രീകളില്‍ ഹോര്‍മോണ്‍ നിലയിലുണ്ടാകുന്ന
വ്യതിയാനം മൂലം ലൈംഗിക വിരക്തി തോന്നാനിടയാകും.

You might also like
Leave A Reply

Your email address will not be published.