Times Kerala

കൊവിഡ് പ്രതിരോധത്തിന് ആയുര്‍വേദവും;ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു

 
കൊവിഡ് പ്രതിരോധത്തിന് ആയുര്‍വേദവും;ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു

കണ്ണൂർ: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുമ്പോളും ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ആയുര്‍വേദവും. ഇതിനോടകം 104263 കൊവിഡ് ബാധിതരാണ് ജില്ലയില്‍ ആയുര്‍വേദ ചികില്‍സ തേടിയെത്തിയതെന്ന് ഡിഎംഒ ഡോ. മാത്യൂസ് പി കുരുവിള അറിയിച്ചു. ആളുകളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും കൊവിഡ് ബാധയെ ചെറുക്കാനും കൊവിഡാനന്തരം ആളുകളെ ബാധിക്കുന്ന ശാരീരിക മാനസിക വല്ലായ്മകളെ ഇല്ലാതാക്കാനും ആയുര്‍വേദത്തെ സമീപിക്കുന്നവരും നിരവധിയാണ്.

ആയുര്‍വേദത്തിലെ കൊവിഡ് പ്രതിരോധ രീതികളില്‍ പ്രധാനപ്പെട്ടത് ഭേഷജം പദ്ധതിയാണ്. കാറ്റഗറി എ വിഭാഗത്തില്‍പ്പെട്ട കൊവിഡ് രോഗികളെ ആയുര്‍വേദ മരുന്നുകള്‍ നല്‍കി ചികിത്സിക്കുന്ന പദ്ധതിയാണിത്. ചുമ, പനി, ശ്വാസംമുട്ട്, വയറിളക്കം, ശരീരവേദന, തലവേദന മുതലായ വിവിധ ലക്ഷണങ്ങളെ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കുന്ന ഈ പദ്ധതിയിലൂടെ 3870 കൊവിഡ് പോസിറ്റീവ് രോഗികള്‍ സുഖം പ്രാപിച്ചിട്ടുണ്ട്.

കൊവിഡ് ഭേദമായവര്‍ക്ക് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സാ രീതിയാണ് പുനര്‍ജ്ജനി. കൊവിഡ് നെഗറ്റീവ് ആയതിന് ശേഷവും ക്ഷീണം, ചുമ, ഉറക്കകുറവ്, കിതപ്പ് തുടങ്ങിയ പല ബുദ്ധിമുട്ടുകളും ആളുകളില്‍ കാണപ്പെടുന്നുണ്ട്. 5203 പേര്‍ പുനര്‍ജ്ജനി പദ്ധതിയിലൂടെ ആശ്വാസം കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് കൊവിഡ് വരാതിരിക്കാനുള്ള മാര്‍ഗ്ഗം. അതിനായി ആയുര്‍വേദത്തില്‍ ആരംഭിച്ച പദ്ധതിയാണ് അമൃതം, സ്വാസ്ഥ്യം, സുഖായുഷ്യം എന്നിവ. ഇതില്‍ പ്രതിരോധശേഷിക്കായുള്ള മരുന്നുകളും അതോടൊപ്പം നല്ല ഭക്ഷണ ശീലവും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് യോഗ, പ്രണായാമം തുടങ്ങിയവയും പരിശീലിപ്പിക്കുന്നു.

ജില്ലയില്‍ ഇതുവരെ 48730 പേര്‍ സ്വാസ്ഥ്യം പദ്ധതിയിലും 25864 പേര്‍ സുഖായുഷ്യം പദ്ധതിയിലും 20816 പേര്‍ അമൃതം പദ്ധതിയിലുമായി ആയുര്‍വേദ ചികിത്സ തേടിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു. ആയുര്‍വേദ വിഭാഗം നടപ്പിലാക്കുന്ന മറ്റൊരു പദ്ധതിയാണ് സേവ് ക്യാമ്പയിന്‍. സാനിറ്റൈസറുടെ ഉപയോഗം, സാമൂഹ്യ അകലം, ഔഷധങ്ങള്‍, വാക്സിനേഷന്‍, വ്യായാമം, നല്ല ജീവിത രീതി എന്നിവയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സേവ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.

ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആയുര്‍വേദ കൊവിഡ് 19 റെസ്‌പോണ്‍സ് സെല്ലിന്റെയും മേല്‍നോട്ടത്തിലാണ് പദ്ധതികള്‍ ആസൂത്രണങ്ങള്‍ ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളിലുള്ള ആയുര്‍വേദ ഡിസ്പെന്‍സറികള്‍, ആശുപത്രികള്‍, എന്നിവ വഴിയാണ് സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിനായി ജനപ്രതിനിധികള്‍, ആശാ -കുടുംബശ്രീ- അങ്കണവാടി- സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ആയുര്‍രക്ഷാ ടാസ്‌ക് ഫോഴ്‌സ് വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും നിലവിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടാം.

കൊവിഡ് കാലത്ത് ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്ന ചര്യകള്‍

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഹിതമായ ആഹാരങ്ങള്‍ മിതമായി മാത്രം കഴിക്കുക.തണുത്തതും പഴയതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക. ആഹാരപാദര്‍ത്ഥങ്ങള്‍ ചൂടോടെ ഉപയോഗിക്കുക.
പകലുറക്കം കഴിവതും ഒഴിവാക്കി രാത്രി കൃത്യമായി ഉറങ്ങുക.വിശക്കുമ്പോള്‍ മാത്രം ആഹാരം കഴിക്കുക. കഴിച്ചതിനു മീതെ വീണ്ടും വീണ്ടും കഴിക്കുന്ന ശീലം ഒഴിവാക്കുക.വിശ്രമിക്കാനും ഉറങ്ങാനും ഉപയോഗിക്കുന്ന മുറികള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുക.

തുണികള്‍ ഉണക്കാന്‍ അത്തരം മുറികള്‍ ഉപയോഗിക്കരുത്. മുറികള്‍ അപരാജിത ധൂപ ചൂര്‍ണ്ണം ഉപയോഗിച്ച് പുകയ്ക്കുന്നതും നല്ലതാണ്.
തുളസി, പനികൂര്‍ക്കയില, രസ്‌നാദി ചൂര്‍ണ്ണം ഇവയില്‍ ഏതെങ്കിലും ഇട്ട് ആവിപിടിക്കുന്നതും തൊണ്ട ചെറുചൂടുള്ള ഉപ്പുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കഴുകുന്നതും നല്ലതാണ്.
മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക.

കൊവിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പനി, വയറിളക്കം,വയറു സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവ ഉള്ളവര്‍ എളുപ്പം ദഹിക്കുന്ന കഞ്ഞിപ്പോലുള്ള ആഹാരങ്ങള്‍ കഴിക്കുക.
നല്ല വിശപ്പ് ഉള്ളപ്പോഴും നല്ല താല്‍പര്യം ഉള്ളപ്പോഴും മാത്രം ആഹാരം കഴിക്കുക.
വിശപ്പ് ഇല്ലാത്തവര്‍ പാല്‍, കോഴിമുട്ട, മാംസം മുതലായ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാര സാധങ്ങള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ അജീര്‍ണ്ണം വരാനും പനി, ചുമ, കഫക്കെട്ട് മുതലായവ വര്‍ദ്ധിക്കാനും കാരണമാകും. ശരീരത്തിനു പ്രോട്ടീന്‍ കിട്ടുന്നതിനായി ചെറുപയര്‍ ഉപയോഗിക്കുക.

കരിഞ്ജീരകം, ഇഞ്ചി എന്നിവ സ്ഥിരം ഉപയോഗിക്കുന്നത് വയറെരിച്ചില്‍ ഉണ്ടാകാന്‍ കാരണമാകും. പകരം ആയുര്‍വേദ ആശുപത്രികളില്‍ നിന്നും ലഭിക്കുന്ന ദാഹശമനികള്‍ ഉപയോഗിച്ച് കുടിവെള്ളം തയ്യാറാക്കുക.

കറിയായി മഞ്ഞള്‍പ്പൊടി, കുരുമുളക്, കറിവേപ്പില എന്നിവ ഉപയോഗിച്ചു കാച്ചിയ മോര് ഉപയോഗിക്കുന്നത് ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും വയറുസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും സഹായിക്കും.
ആവി പിടിക്കുന്നതും തൊണ്ട കഴുകുന്നതും ശീലമാക്കുക.മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക.

Related Topics

Share this story