Times Kerala

ഒരേ വകുപ്പ്; ഗുജറാത്തിൽ ഭട്ടിനും വൻസാരയ്ക്കും രണ്ടുനീതി

 
ഒരേ വകുപ്പ്; ഗുജറാത്തിൽ ഭട്ടിനും വൻസാരയ്ക്കും രണ്ടുനീതി

കേന്ദ്രസര്‍ക്കാരിനെ വിശേഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയേയും വിമര്‍ശിച്ചാല്‍ എന്തായിരിക്കും ഫലം. ഒന്നുകില്‍ കൊല്ലപ്പെടാം, അല്ലെങ്കില്‍ ഏറ്റവും ഒടുവിലെ ഉദാഹരണം സഞ്ജീവ് ഭട്ട് ഐ.പി.എസിന് ലഭിച്ചത് പോലുള്ള ജീവപര്യന്തം തടവ്.

ഇസ്രത് ജഹാന്‍, സൊഹ്‌റാബുദ്ദീന്‍, പ്രാണേഷ് കുമാര്‍ എന്നീ പേരുകള്‍ രാജ്യം അത്ര പെട്ടെന്നൊന്നും മറന്നുപോകില്ല. വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു സഞ്ജീവ് ഭട്ടിന്റെ അതേ ഗുജറാത്ത് കേഡറില്‍. പേര് ഡി.ജി വന്‍സാര- മുന്‍ ഡി.ഐ.ജി.

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവനായിരുന്നു വന്‍സാര. അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്നയാള്‍ ആയിരുന്നു എന്‍.കെ അമിന്‍. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ കോടതി കേസ് ഉപേക്ഷിക്കുകയായികരുന്നു. സഞ്ജീവ് ഭട്ടിനെ കോടതി ശിക്ഷിക്കുന്നതിനും മറ്റൊരു കേസില്‍ വന്‍സാരയെ വിട്ടയക്കുന്നതിനും നിമിത്തമായത് ഒരേ വകുപ്പാണ് -ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കോടതി വിചാരണയില്‍ നിന്നു സംരക്ഷണം നല്‍കുന്ന സി.ആര്‍.പി.സി. 197-ാം വകുപ്പ്.

ഇതേ സംരക്ഷണം സഞ്ജീവ് ഭട്ടിനും നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍, ഭട്ടും ബി.ജെ.പി. സര്‍ക്കാരുമായി തെറ്റിയതോടെ ഈ സംരക്ഷണം പിന്‍വലിക്കപ്പെട്ടു. 1990-ലെ കസ്റ്റഡിമരണം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഭട്ടിനെതിരേ പ്രൊസിക്യൂഷന്‍ അനുമതി തേടിയതാണ്. അന്ന് സര്‍ക്കാര്‍ ഭട്ടിനെ പിന്തുണച്ചു. കോടതി ഇതു തള്ളിയപ്പോള്‍ 1996-ല്‍ സംസ്ഥാനസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജിയും നല്‍കി. ഇത് കേസ് നീണ്ടുപോകുന്നതിന് കാരണമായി.

2010-നുശേഷം അന്നത്തെ നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ഗുജറാത്ത് കലാപവും മുന്‍ ആഭ്യന്തരമന്ത്രി ഹരണ്‍ പാണ്ഡ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയതോടെ ഭട്ട് സര്‍ക്കാരിന്റെ കണ്ണിലെ കരടായി. കസ്റ്റഡിമരണക്കേസില്‍ 197-ാം വകുപ്പ് പ്രകാരമുള്ള പുനഃപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു. അതിനെതിരേ ഭട്ട് നടത്തിയ നിയമയുദ്ധങ്ങളെല്ലാം പരാജയപ്പെട്ടു.

സി.ബി.ഐ., എസ്.ഐ.ടി., മജിസ്ട്രേട്ട് തല അന്വേഷണങ്ങളിലെല്ലാം വ്യാജ ഏറ്റുമുട്ടലെന്ന് കണ്ടിട്ടും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിരുന്നു കൊലപാതകമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരെടുത്തത്. അങ്ങനെയാണ് ഡി.ജി വന്‍സാരെ രക്ഷപ്പെടുന്നത്.

ഒപ്പംനില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് 197-ന്റെ തണല്‍ കിട്ടില്ലെന്ന സൂചനയാണ് സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം തടവോടെ മനസിലാകുന്നത്. കലാപവും വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് ബി.ജെ.പി. സര്‍ക്കാരിനെതിരേ നിലപാടെടുത്ത ആര്‍.ബി. ശ്രീകുമാര്‍, രാഹുല്‍ ശര്‍മ, രജനീഷ് റായി, സതീഷ് ശര്‍മ തുടങ്ങിയ ഐ.പി.എസ്. ഉദ്യോഗസ്ഥരെല്ലാം പ്രതികാരനടപടികള്‍ക്ക് ഇരയായിരുന്നു.

കലാപവും വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് ബി.ജെ.പി. സർക്കാരിനെതിരേ നിലപാടെടുത്ത ആർ.ബി. ശ്രീകുമാർ, രാഹുൽ ശർമ, രജനീഷ് റായി, സതീഷ് ശർമ തുടങ്ങിയ ഐ.പി.എസ്. ഉദ്യോഗസ്ഥരെല്ലാം പ്രതികാരനടപടികൾക്ക് ഇരയായിരുന്നു. എന്നാൽ, ക്രിമിനൽ കേസുകളിൽ പ്രതിയായത് സഞ്ജീവ് ഭട്ടിന് വിനയായി. 1988 ബാച്ചിലെ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥൻ ബോംബെ ഐ.ഐ.ടി.യിൽനിന്ന്‌ എം.ടെക്. നേടിയശേഷമാണ് പോലീസ് സേവനത്തിനിറങ്ങിയത്. ഭാര്യ ശ്വേതാ ഭട്ട് 2012-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കെതിരേ മത്സരിച്ചിരുന്നു.

Related Topics

Share this story