Times Kerala

പന്ത്രണ്ട് മണിക്കൂര്‍ നേരം മൈല്‍ഡ് ഫ്‌ലോയുള്ള സമയത്ത് അങ്ങനെ ഒരു സാധനം അവിടെ ഇരിക്കുന്നുണ്ടെന്ന് പോലും എന്റെ മനസ്സിനെ തോന്നിപ്പിക്കാതെയിരുന്നിട്ടുണ്ട് മെന്‍സ്ട്രല്‍ കപ്പ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ; യുവതിയുടെ കുറിപ്പ്

 
പന്ത്രണ്ട് മണിക്കൂര്‍ നേരം മൈല്‍ഡ് ഫ്‌ലോയുള്ള സമയത്ത് അങ്ങനെ ഒരു സാധനം അവിടെ ഇരിക്കുന്നുണ്ടെന്ന് പോലും എന്റെ മനസ്സിനെ തോന്നിപ്പിക്കാതെയിരുന്നിട്ടുണ്ട് മെന്‍സ്ട്രല്‍ കപ്പ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ; യുവതിയുടെ കുറിപ്പ്

സ്ത്രീകളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കാലമാണ് ആര്‍ത്തവകാലം . ഈ സമയങ്ങളില്‍ ശാരീരിക-മാനസിക ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറാന്‍ പലര്‍ക്കും പലപ്പോഴും കഴിയാറുമില്ല. ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴുവാക്കാന്‍ മെന്‍സ്ട്രല്‍ കപ്പ് സഹായകരമാകുമെന്ന് പറയുകയാണ് സുമി ഷാജി എന്ന യുവതി പങ്കുവച്ചിരിക്കുന്നത്. യാത്ര ചെയ്യുന്നതിനും പാഡ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളും അലര്‍ജികളും ഒഴിവാക്കാന്‍ സാധിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുമി പറയുന്നു.

സുനിയുടെ കുറിപ്പിങ്ങനെ…

‘ആര്‍ത്തവ കപ്പ് എന്ന മനോഹരമായ കണ്ടുപിടുത്തത്തെ സംബന്ധിച്ച് ഗവേഷണങ്ങളും സര്‍വേകളും നന്നേ കുറവായതുകൊണ്ടും, ഞാന്‍ അത് ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത്, അനുഭവങ്ങളും അനുഭവക്കുറിപ്പുകളും യൂട്യൂബിലെ വിഡിയോ കളുമായതുകൊണ്ടാണ് ഇതേകുറിച്ച് എഴുതാം എന്ന് തീരുമാനിച്ചത്.

തയാറെടുപ്പ് മെന്‍സ്ട്രല്‍ കപ്പിനെ പറ്റി വളരെ വൈദേശികമായ അറിവ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. കപ്പ് ഉപയോഗിക്കുന്ന അനുഭവശാലികള്‍ എനിക്ക് ചുറ്റും അധികം ഉണ്ടായിരുന്നില്ല. ആയതിനാല്‍ തന്നെ ഈ സംഗതിയെപ്പറ്റി പഠിക്കാനും അറിയാനും എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചതും പ്രചോദനം ചെലുത്തിയതും യൂട്യൂബ് വീഡിയോകളും, കപ്പ് ഉപയോഗിക്കുന്ന ചുരുക്കം ചില സുഹൃത്തുക്കളുമാണ്. അങ്ങനെ ഇതിനെപ്പറ്റി വളരെ വിരസമായ ഒരു അന്വേഷണം നടത്തി വരവേയാണ് പാഡ് ഉപയോഗിക്കുമ്പോഴുള്ള വൃത്തിയില്ലായ്മയെ പറ്റി കൂടുതല്‍ ബോധവതിയാകുന്നത്. അത്തരം ചില ദൃശ്യങ്ങളും വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു. നാല് മണിക്കൂറില്‍ കൂടുതലൊക്കെ പാഡ് ഉപയോഗിക്കുമ്പോള്‍ ത്വക്ക്, യോനി, ഗര്‍ഭാശയ സംബന്ധിയായ രോഗങ്ങള്‍ വരാനുള്ള സാധ്യതയെ കുറിച്ച് അറിയുകയുണ്ടായി. ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന രീതിയില്‍ കപ്പ് ഉപയോഗം തുടങ്ങണം എന്ന തീരുമാനത്തിലേക്ക് അതെന്നെ കൂടുതല്‍ അടുപ്പിച്ചു.

അനുഭവം ധൈര്യവും പണവും സംഭരിച്ച് ഞാന്‍ ഒരു കപ്പ് വാങ്ങി. ഒരു പെരിയഡ്‌സിലെ പാഡിന്റെ വില വെച്ച് നോക്കുമ്പോള്‍ നിസാര വിലയേ ആയിട്ടുള്ളൂ. 275 രൂപ. ആദ്യത്തെ വട്ടം വളരെ ദയനീയമായിരുന്നു. ഒരു പോപ്പ് സൗണ്ട് കേള്‍ക്കണം എന്നൊക്കെ പല ട്യൂട്ടോറിയല്‍ വിഡിയോകളിലും പറഞ്ഞിരുന്നു. അതൊക്കെ കേട്ടുവെങ്കിലും പൂര്‍ണമായി അകത്ത് കയറിയിരുന്നില്ല. വൈകാതെ ഞാന്‍ ആ സത്യം മനസ്സിലാക്കി. അത് എനിക്ക് പകമാവുന്ന സൈസ് ആയിരുന്നില്ല. അല്ലെങ്കിലും ആദ്യത്തെ വട്ടമല്ലേ. ഞാന്‍ കണ്ട പല ട്യൂട്ടോറിയലുകളിലും ആദ്യത്തെ ട്രൈയില്‍ നമുക്ക് വളരെയധികം ദേഷ്യം തോന്നും എന്നൊക്കെ പറഞ്ഞിരുന്നത് കൊണ്ട് ഞാന്‍ അതൊക്കെ സഹിച്ചു. എന്നാലും അപ്പോള്‍ തന്നെ വേറെ വാങ്ങാനൊന്നും നിന്നില്ല.

2021 ഫെബ്രുവരി മാസം, ഞാന്‍ സ്മാള്‍ സൈസില്‍ ഉള്ള സിറോണയുടെ ഒരു മെന്‍സ്ട്രല്‍ കപ്പ് വാങ്ങിച്ചു. രണ്ടാമത്തെ അങ്കം. സാധനം വന്നു. നേരത്തേ ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉള്ള പാളിച്ചകള്‍ മനസ്സിലുണ്ട്. പിന്നെ, അനുഭവശാലികളുടെ അടുത്ത് ഒന്നുകൂടി ചോദിച്ച് വ്യക്തത വരുത്തിയിട്ട് ഒന്നുകൂടി വയ്ക്കാന്‍ ശ്രമിച്ചു. അത് സുന്ദരമായിട്ട് ശെരിയായി. അതെന്റെ പിരിയഡ്‌സിന്റെ ആദ്യത്തെ ദിവസമായിരുന്നു. പക്ഷെ, പിറ്റേ ദിവസം കപ്പ് വൃത്തിയാക്കിയതിന് ശേഷം വയ്ക്കാന്‍ നോക്കിയപ്പോള്‍ കയറുന്നില്ല. മൂന്നാമത്തെ ദിവസവും ഇത് തന്നെ കഥ. ഒന്ന് കൂടി നിരാശയാകേണ്ടി വരുമോ എന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍, രണ്ടും കല്പിച്ച് ഒന്നൂടി ആലോചിച്ചും, യൂട്യൂബ് വീഡിയോകള്‍ കണ്ടും വ്യക്തത വരുത്തിയിട്ട് ട്രൈ ചെയ്തു. ശരിയായില്ല. ഒന്നുകൂടി ട്രൈ ചെയ്തു. ശരിയായി. ആദ്യത്തെ ദിവസത്തെ പോലെ തന്നെ. വളരെ സുന്ദരമായി.

ഞാന്‍ കപ്പ് വയ്ക്കാന്‍ നോക്കിയ ഓരോ വട്ടത്തെയും പറ്റി ഇങ്ങനെ പറഞ്ഞത്, ഞാന്‍ അറിഞ്ഞിടത്തോളം ഇതിന് പെര്‍ഫെക്റ്റ് ഫസ്റ്റ് ടൈം ഇല്ല എന്ന് പറയാന്‍ വേണ്ടിയാണ്. ചിലപ്പോള്‍ പെര്‍ഫെക്റ്റ് സെക്കന്റ് ടൈം ഉം ഉണ്ടാവണമെന്നില്ല. നിങ്ങള്‍ക്ക് കണ്‍വീനിയന്റായി ഒരു മനോഹരമായ നിത്യോപയോഗ സാധനം ഉപയോഗിക്കാന്‍ നിങ്ങള്‍ എത്ര വട്ടം ട്രൈ ചെയ്യണം എന്ന് പറയാന്‍ വേണ്ടിയാണ് ഇത്രയും പറഞ്ഞത്. നിങ്ങളുടെ ദൃഢനിശ്ചയം മാത്രമാണ് ഫാക്ടര്‍ . എത്ര വട്ടം ട്രൈ ചെയ്യണമോ അത്രയും വട്ടം ട്രൈ ചെയ്യണം.

പന്ത്രണ്ട് മണിക്കൂര്‍ നേരം മൈല്‍ഡ് ഫ്‌ലോയുള്ള സമയത്ത് അങ്ങനെ ഒരു സാധനം അവിടെ ഇരിക്കുന്നുണ്ടെന്ന് പോലും എന്റെ മനസ്സിനെ തോന്നിപ്പിക്കാതെയിരുന്നിട്ടുണ്ട് മെന്‍സ്ട്രല്‍ കപ്പ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഹെവി ഫ്‌ലോ ആണെങ്കില്‍ ഇതേ സുഖത്തോട് കൂടി ആ കപ്പ് ന്റെ ലിമിറ്റ് ആകുന്നത് വരെ, അതായത് ഏകദേശം 4 മുതല്‍ 8 മണിക്കൂര്‍ വരെ യാതൊരു ഈര്‍പ്പവും കൂടാതെയുള്ള സമയം. അതൊന്ന് അനുഭവിച്ച് തന്നെ അറിയണം.

ഹെവിഫ്‌ലോയുടെ സമയത്ത് ഏകദേശം 250 രൂപയിലധികം പാഡ് വാങ്ങാന്‍ ചിലവ് വരാറുണ്ട്. പക്ഷെ, കപ്പ് ഉപയോഗിച്ച് തുടങ്ങിയ പിരിയഡ്‌സിന്റെ സമയത്ത് എനിക്കാകെ 89 രൂപയുടെ patny liner ആണ് വേണ്ടി വന്നത്. അത് ആവശ്യമുണ്ടായിട്ടല്ല. ലീക്ക് ആയാലോ എന്ന പേടി കൊണ്ട് മാത്രമാണ്. ഒന്നുരണ്ടു വട്ടം കപ്പിങ്ങിന്റെ പ്രശ്‌നം കൊണ്ട് ലീക്കായതൊഴിച്ചാല്‍ ആ പാന്റീ ലൈനറിന്റെയും ആവശ്യം പിന്നീട് എനിക്കുണ്ടായിട്ടില്ല. െമത്തേഡ് പെര്‍ഫെക്ട് ചെയ്യുന്നത് വരെ ഒരു പ്രൊട്ടക്ഷന്‍ എന്ന രീതിയില്‍ അതൊക്കെ ഉപയോഗിക്കാവുന്നതാണ്. ഇത് വച്ചിട്ട് പെര്‍ഫെക്ട് ആയതോടെ ബൈക്കില്‍ കയറുന്നതിനോ ഒന്നും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.

ഏറ്റവും അത്ഭുതവും സന്തോഷവും അനുഭവപ്പെട്ടത് ഏറ്റവും അവസാനമായിട്ട് ഉപയോഗിച്ചപ്പോഴാണ്. പാലക്കാട് നിന്നും തിരുവനന്തപുരം വരെ ട്രെയിനിലുള്ള ഒമ്പത് സുന്ദരമായ മണിക്കൂറുകള്‍. ചില സമയത്ത് ബസ്സില്‍ പാഡ് വെച്ച് കൊല്ലത്ത് നിന്ന് തിരുവനന്തപുരം വരെ എത്തുമ്പോഴേക്കും ലീക് ആവാറുണ്ട്. ഇപ്പോഴാണെങ്കില്‍, ട്രെയിനില്‍ വച്ച് പോലും ഇടയ്ക്ക് പാഡ് മാറ്റേണ്ട കാര്യമേ വരുന്നില്ല.

ചെലവ് ഒരു കപ്പിന് ഏകദേശം 300 രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് വില.ബ്രാന്‍ഡ് മാറുന്നത് അനുസരിച്ച് വില വ്യത്യാസം വരാം. ആളുകള്‍ ഉപയോഗിച്ചത് അനുസരിച്ചാണ് ഞാന്‍ ഒരു ബ്രാന്‍ഡ് വാങ്ങിയത്. അത് എനിക്ക് ചേരുന്നതായിരുന്നു. വേറെബ്രാന്‍ഡുകള്‍ നിങ്ങള്‍ക്ക് നോക്കാവുന്നതാണ്. ഞാന്‍ വാങ്ങിയതിന് 275 രൂപയായിരുന്നു. Sirona എന്ന ബ്രാന്‍ഡ് ആയിരുന്നു അത്. സാധാരണ പിരീഡ്‌സിന്റെ സമയത്ത് ഫ്‌ലോഡേയ്‌സ് ഒക്കെ അനുസരിച്ച് പാഡ് വാങ്ങുന്നതില്‍ വില 200 രൂപ മുതല്‍ 300 രൂപ വരെ പോകാറുണ്ട്. ആയിടത്താണ്, പെര്‍ഫെക്ട് ആയിട്ട് ഉപയോഗിച്ചാല്‍ ഏകദേശം 5 വര്‍ഷം, എന്തായാലും 2 വര്‍ഷം വരെയെങ്കിലും ഉപയോഗിക്കാവുന്ന കപ്പ് നമ്മള്‍ വാങ്ങിക്കുന്നത്. ഒരു protection ന് വേണ്ടി വാങ്ങിച്ചു വെച്ച പാഡ് ഇപ്പോള്‍ വീട്ടില്‍ വെറുതെ കിടക്കുന്നു.

വൃത്തി പാഡിന്റെ വൃത്തിയില്ലായ്മയുടെ കാര്യം ഞാന്‍ പ്രത്യേകം പറയേണ്ടതുണ്ടോ? യാതൊരു രീതിയിലുള്ള വൃത്തികെട്ട മണമോ, പാഡ് നിറയാന്‍ തുടങ്ങുമ്പോള്‍ ഉള്ളതുപോലുള്ള ഒരു ഈര്‍പ്പത്തിന്റെ അനുഭവമോ ഒന്നുമേ ഇല്ല. ബ്ലഡ് ക്ലോട്‌സ് വരുമ്പോള്‍ പാഡ് ഉപയോഗിക്കുന്നത് എത്ര ദുസ്സഹമാണെന്ന് എനിക്ക് അറിയാം. ആ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കപ്പ് ഉപയോഗിക്കുമ്പോള്‍ ഇല്ല.

പിന്നെ ചിലര്‍ പറയുന്നുണ്ട്, ട്രാന്‍സ്‌ക്ലൂസന്റ് കുറേ ഉപയോഗിച്ച് കഴിയുമ്പോള്‍ അതില്‍ ചെറുതായിട്ട് ബ്ലഡ് സ്‌റ്റൈന്‍സ് കറ പോലെ നില്‍ക്കുമെന്ന്. എന്റതില്‍ ഇതുവരെ അങ്ങനെ ഒന്നും വന്നിട്ടില്ല. അതൊന്നും പാഡ് ഉപയോഗത്തിലെ വൃത്തിക്കുറവ് വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ അത്ര കാര്യമായ പ്രശ്‌നങ്ങള്‍ അല്ല. ഒരു കാരണ വശാലും റാഷസ് വരികയില്ല. കാരണം ഇത് മൂലം നമ്മുടെ പ്രൈവറ്റ് ഏരിയയില്‍ ഈര്‍പ്പം നില്‍ക്കുന്നില്ല. രക്തം ശരീരത്തിന്റെ അകത്ത് കളക്റ്റ് ചെയ്യുന്നതുകൊണ്ട് ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷനും വരില്ല.

പിന്നെ ആദ്യ വട്ടമൊക്കെ ഊരിയപ്പോള്‍, ‘ഇനിയിപ്പോ ഊരാന്‍ പറ്റിയില്ലെങ്കിലോ’ എന്നൊക്കെയുള്ള പേടി കാരണം sucction കളയാതെ തന്നെ താഴേക്ക് പിടിച്ച് വലിച്ചു. അന്നേരം കുറച്ച് പെയിന്‍ഫുള്‍ ആയിരുന്നു. അതാണ് ഞാന്‍ വീണ്ടും വീണ്ടും പറയുന്നത്, മെത്തേഡ് പെര്‍ഫെക്റ്റ് ചെയ്യുക. അതിന് ഒന്ന് രണ്ട് യൂട്യൂബ് വീഡിയോസ് കാണുക. എന്നിട്ട്, ഒന്നല്ല രണ്ടല്ല, നിങ്ങള്‍ക്ക് എത്ര വട്ടം ചെയ്യണമോ അത്രയും വട്ടം ചെയ്ത് നോക്കുക. പിന്നെ കയ്യില്‍ കുറച്ച് രക്തം ഒക്കെ ആവും. അത് എനിക്ക് പ്രശ്‌നമായി തോന്നിയില്ല.

കളയല്‍ നന്നായി ഊരാന്‍ പഠിച്ചിട്ടാണെങ്കില്‍, ഊരുക, കക്കൂസില്‍ ഒഴിക്കുക. ഇത്രയുമേയുള്ളൂ. ഒന്നല്ലെങ്കില്‍ ഇന്റിമേറ്റ് വാഷോ മെന്‍സ്ട്രല്‍ കപ്പ് വാഷോ ഉപയോഗിച്ച് കഴുകുക. തിരികെ വയ്ക്കുക.ഇനി പാഡിന്റെ കാര്യത്തിലേക്ക് വരാം. ഇന്‍സിനേറ്റര്‍ ആണ് ഏറ്റവും പ്രകൃതി മാലിന്യം കുറച്ചുകൊണ്ടുള്ള പാഡ് കത്തിക്കാനുള്ള വഴി. അത് എത്ര പേരുടെ വീട്ടിലുണ്ടെന്ന് എനിക്ക് അറിയില്ല. എന്തായാലും ഞാന്‍ സാധാരണ അത് കണ്ടിട്ടുള്ളത് എന്റെ കോളെജിലാണ്. അവിടെ തന്നെ അതിന്റെ ഉപയോഗം ബഹു കഷ്ടമാണ്. സകലമാന സാധനങ്ങളും അതിലിട്ട് കത്തിക്കും. അത് മറ്റൊരു പ്രശ്‌നം. എന്തായാലും വീടുകളില്‍ ഒരേ ഒരു വഴി കത്തിക്കുക എന്നതാണ്. അല്ലെങ്കില്‍ കോര്‍പറേഷന് വേസ്റ്റ് ലേക്ക് സെപറേറ്റ് ആയിട്ട് കലക്ട് ചെയ്ത് കൊടുക്കുക.

കത്തിക്കുകയാണെങ്കില്‍ പേപ്പറോ പ്ലാസ്റ്റിക്കോ പോലെ ഇത് എളുപ്പം കത്തുകയില്ല. കാരണം, ബ്ലഡ് ഉണ്ട് . ചിലര്‍ ഇത് കൂട്ടി വെച്ചിട്ടാണ് കത്തിക്കാറ്. അങ്ങനെയാവുമ്പോള്‍ കൂടിയിരുന്ന് ഒരുമാതിരി ഉണക്കമീന്‍ ചീഞ്ഞ മണമാവും അതിന്. അങ്ങനെ അവസാനം, അത് കത്തിച്ചാല്‍ തന്നെ ചിലത് കത്താതെ കിടക്കും. ബ്ലഡ് ഉം പ്ലാസ്റ്റിക്ക് ഉം ഒക്കെയാണത്. വീണ്ടും പ്രകൃതി മലിനീകരണം.

ഞാന്‍ ടൗണില്‍ താമസിച്ചിരുന്നപ്പോള്‍, എന്റെ വീടിന് മുറ്റമില്ലായിരുന്നു. അത് കൊണ്ട് തന്നെ കത്തിക്കാന്‍ പറ്റില്ല. വേസ്റ്റ് നിയമപരമായിട്ട് കളയാന്‍ ആണെങ്കില്‍ കോര്പറേഷന് വഴി മാത്രമേ പറ്റൂ. അവരും എല്ലാ ദിവസമൊന്നും വരില്ല. അങ്ങനെ നമ്മള്‍ സ്ഥലത്ത് ഇല്ലെങ്കില്‍ ഇത് ഒരാഴ്ചയൊക്കെ കൂട്ടി വെച്ചാല്‍ അതിരിക്കുന്ന റൂമിലേക്ക് പോകാന്‍ പറ്റില്ല. അത്രയും ചീഞ്ഞ മണമായിരിക്കും.നൈറ്റ് ലീക്കേജ് ആണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രശ്‌നമായിരുന്നത്. ഒരു പിരീഡ്‌സ് ഇല്‍ ഒരു തവണയെങ്കിലും ഡ്രസ്സ് ഇല്‍ ആവാതെ ഇരിക്കാറില്ല. അബ്‌നോര്‍മല്‍ ഫ്‌ലോ ഒക്കെ ആവാം കാരണം. ആ ഒരു പ്രശ്‌നം, പെര്‍ഫെക്റ്റ് ആയിട്ട് വച്ചിരിക്കുന്ന മെന്‍സ്ട്രല്‍ കപ്പ് ഇല്‍ എനിക്ക് അനുഭവപ്പെട്ടിട്ടില്ല.

മേല്‍ പറഞ്ഞ പ്രശ്‌നങ്ങളെല്ലാം ഒരാള്‍ക്ക് തന്നെ അനുഭവമുള്ളതാവണമെന്നില്ല. പക്ഷെ, ചിലതൊക്കെ പലര്‍ക്കായിട്ടെങ്കിലും അനുഭവം ഉണ്ടാവും. അങ്ങനെ ഉള്ളവര്‍ക്ക്, അതില്‍ നിന്ന് ഒരു തീര്‍പ്പ് വേണം എന്നുള്ളവര്‍ക്ക് തീര്‍ച്ചയായും മെന്‍സ്ട്രല്‍ കപ്പ് ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്നതാണ്.ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ഒരേ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. ‘ഒളിമ്പ്യന്‍ അന്തോണി ആദം’ ലെ വട്ടോളി പറഞ്ഞ പോലെ, പ്രാക്ടീസ് മുടക്കരുത്.

Related Topics

Share this story