Times Kerala

കെ.ആർ.ഗൗരിയമ്മ 101 ാം വയസ്സിലേക്ക്; ജന്മശതാബ്‌ദി സമ്മേളനം ഇന്ന്

 
കെ.ആർ.ഗൗരിയമ്മ 101 ാം വയസ്സിലേക്ക്; ജന്മശതാബ്‌ദി സമ്മേളനം ഇന്ന്

മിഥുനമാസത്തിലെ തിരുവോണ നാളിൽ കേരള രാഷ്ട്രീയത്തിലെ ഉരുക്കുവനിതയ്ക്ക് നൂറാം പിറന്നാൾ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം നടന്ന ഗൗരിയമ്മയെന്ന ധീര വനിത 101-ാം വയസിലേക്ക് കടക്കുമ്പോള്‍, ജന്മദിനാഘോഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ നടത്താനാണ് സംഘാടക സമിതിയുടെ തീരുമാനം. ആഘോഷ പരിപാടികള്‍ ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയും.

രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശിയെ ആദരിക്കുന്നതിനായി വലത്- ഇടത് പക്ഷ നേതാക്കൾ വേദിയിലെത്തും. ഗൗരിയമ്മയോടുള്ള ആദരസൂചകമായി നിയമസഭക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.

എല്ലാക്കാലവും ഒഴുക്കിനെതിരെ നീന്തിയ പാരമ്പര്യമാണ് ഗൗരിയമ്മയുടേത്. ശരിയെന്ന് തനിക്ക് തോന്നുന്ന കാര്യത്തിൽ എന്തുവില കൊടുത്തും ഉറച്ചുനില്‍ക്കുന്ന സ്വഭാവമാണ് ഗൗരിയമ്മയെ വ്യത്യസ്തയാക്കുന്നത്. 139 എംഎൽഎമാർ അനുകൂലിച്ച ആദിവാസി വിരുദ്ധ ബില്ലിനെ ഒറ്റയ്ക്ക് എതിര്‍ത്ത് തോൽപിച്ചത് തന്നെ ഉദാഹരണം. നിയമസഭ പാസാക്കിയ ബിൽ ഗൗരിയമ്മ വിയോജിപ്പ് പ്രകടിപ്പിച്ചതുകൊണ്ടുതന്നെ രാഷ്ട്രപതിമടക്കി അയച്ചു. താൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ആദിവാസികൾ ഇല്ലാതിരുന്നിട്ടും അവർക്കായി ഗൗരിയമ്മ പോരാടി.

ഒരുവർഷംനീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. കെ.ആർ.ഗൗരിയമ്മയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ നിർവഹിക്കും. കെ.ആർ.ഗൗരിയമ്മ ഫൗണ്ടേഷൻ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ പുസ്‌തകപ്രകാശനം നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. മന്ത്രിമാർ, എം.എൽ.എ.മാർ, മുൻഗവർണർമാർ, മറ്റു സാമുദായിക-സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Related Topics

Share this story