Times Kerala

4 ടിഡിപി എംപിമാര്‍ ബിജെപിയിലേക്ക്; ചന്ദ്രബാബു നായിഡുവിന് വന്‍ തിരിച്ചടി

 
4 ടിഡിപി എംപിമാര്‍ ബിജെപിയിലേക്ക്; ചന്ദ്രബാബു നായിഡുവിന് വന്‍ തിരിച്ചടി

ഹൈദരാബാദ്: തെലുഗുദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന് വൻ തിരിച്ചടി. നാല് രാജ്യസഭാ എംപിമാർ ടിഡിപി വിട്ട് ബിജെപിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചു. വൈ.എസ്.ചൗധരി, സി.എം.രമേശ്, ടി.ജി.വെങ്കിടേഷ്, ജി.മോഹന്‍ റാവു എന്നിവരാണ് പാര്‍ട്ടി വിടുന്നത്. ടിഡിപിക്ക് ആകെയുള്ളത് ആറ് അംഗങ്ങളാണ്.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ടിഡിപിയുടെ രാജ്യസഭാ എംപിമാരായ വൈ എസ് ചൗധുരി, ടി ജി വെങ്കടേഷ്, സി എം രമേഷ് എന്നിവർ രാജിക്കത്ത് രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്‍റുമായ വെങ്കയ്യാ നായിഡുവിന് കൈമാറിയത്. ജി മോഹൻ റാവു എന്ന എംപി കൂടി കളം മാറ്റിച്ചവിട്ടുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം ആന്ധ്രയിലെ മുന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയായിരുന്ന കോതാപ്പള്ളി ഗീത ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ടിഡിപി കാമ്പിനേയും ഞെട്ടിച്ചുള്ള ബിജെപിയുടെ പുതിയ നീക്കം.  രാജ്യസഭയിൽ നിലവിൽ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സ്വന്തം കളത്തിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുകയെന്നത് നിർണായകമാണ്. മുത്തലാഖുൾപ്പടെ നിരവധി പ്രധാനപ്പെട്ട ബില്ലുകൾ പാർലമെന്‍റിൽ പാസ്സാക്കാൻ രണ്ട് സഭകളിലും കൃത്യമായ പിന്തുണ ബിജെപിക്ക് ആവശ്യമാണ്. ഇത് മുന്നിൽക്കണ്ടാണ് ബിജെപി കരുക്കൾ നീക്കുന്നത്.

Related Topics

Share this story