Times Kerala

‘കല്ലട ബസ് ഡ്രൈവർ കയറിപ്പിടിക്കാന്‍ ശ്രമിച്ചു; കൈ തട്ടിമാറ്റി; യാത്രക്കാരി പറയുന്നു

 
‘കല്ലട ബസ് ഡ്രൈവർ കയറിപ്പിടിക്കാന്‍ ശ്രമിച്ചു; കൈ തട്ടിമാറ്റി; യാത്രക്കാരി പറയുന്നു

ബംഗലുരു:കല്ലട ബസ്സിലെ ഡ്രൈവറായ ജോൺസൺ ജോസഫ് കയറിപ്പിടിക്കുകയായിരുന്നുവെന്ന് ബസ്സിൽ യാത്ര ചെയ്ത തമിഴ്‍നാട് സ്വദേശിനി. ചോദ്യം ചെയ്തപ്പോൾ തട്ടിയുണർത്താൻ ശ്രമിക്കുകയായിരുന്നെന്ന മറുപടിയാണ് ലഭിച്ചത്. ബഹളം വച്ചപ്പോൾ ബസ്സിലെ ജീവനക്കാർ ജോൺസണെ ന്യായീകരിക്കുന്ന നിലപാടാണ് എടുത്തതെന്നും യാത്രക്കാരി പറഞ്ഞു. കയറിപ്പിടിച്ചപ്പോള്‍ കൈ തട്ടിമാറ്റി. ഇരുട്ടത്ത് അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഡ്രൈവറുടെ ന്യായീകരണം. എന്നാല്‍ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നുവെന്നും മനപ്പൂര്‍വം ഉപദ്രവിക്കാന്‍ ശ്രമിച്ചതാണെന്നും പരാതിക്കാരി പറ‍‍ഞ്ഞു.

യാത്രക്കാരിയുടെ വാക്കുകളിങ്ങനെ:

”കല്ലട ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഓൺലൈനായിട്ടാണ്. 1000 രൂപ കൊടുത്താണ് ടിക്കറ്റെടുത്തത്. ടിക്കറ്റ് ബുക്ക് ചെയ്തെന്ന് മൊബൈലിൽ മെസ്സേജും വന്നു. കണ്ണൂരിലെ കെഎസ്‍ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് രാത്രി 11.15-നാണ് ബസ്സിൽ കയറിയത്. അവസാനത്തെ സീറ്റായിരുന്നു എന്‍റേത്. അതുകൊണ്ടു തന്നെ എനിക്കുറക്കം വന്നിരുന്നില്ല. ഇടയ്ക്ക് എപ്പോഴോ മയങ്ങിയപ്പോൾ ഒരു കൈ വന്ന്, എന്‍റെ കയ്യിൽ പിടിച്ചു. അതിന് ശേഷം കൈ അരയിലേക്ക് നീണ്ടു. അപ്പോഴാണ് ഞാൻ എഴുന്നേറ്റ് ബഹളം വച്ചത്. എന്താണിതെന്ന് ചോദിച്ചത്. അപ്പോഴയാൾ ന്യായീകരിച്ചു. എഴുന്നേൽപ്പിക്കാൻ ശ്രമിച്ചതാണെന്ന് പറഞ്ഞു. എന്തിനാണ് എന്നെ എഴുന്നേൽപിക്കുന്നതെന്ന് ചോദിച്ചു. എനിക്ക് ഇറങ്ങാനുള്ള ഇടമായിരുന്നില്ല. അപ്പോൾ അയാൾക്ക് മറുപടിയുണ്ടായില്ല. ഞാൻ ജീൻസും ടോപ്പുമാണ് ധരിച്ചിരുന്നത്. ഇനി എന്നെ എഴുന്നേൽപിക്കണമെങ്കിൽത്തന്നെ മാന്യമായി വിളിച്ചോ, എന്നിട്ടും എഴുന്നേറ്റില്ലെങ്കിൽ കാലിൽ തട്ടിയോ വിളിക്കാമായിരുന്നില്ലേ? എന്‍റെ ബെൽറ്റിൽ തൊട്ട് വിളിക്കുന്നതെന്തിനാണ്?

ഇതാരാണെന്ന് മുന്നിലെത്തി ചോദിച്ചപ്പോൾ. ഇവിടത്തെ സ്റ്റാഫാണെന്നും ഡ്രൈവറാണെന്നും പറഞ്ഞു. ഡ്രൈവറെന്തിനാണ് എന്നെ വന്ന് വിളിക്കുന്നത്? ഞാനൊരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഇങ്ങനെയാണോ പെരുമാറുന്നതെന്ന് ചോദിച്ചു. അപ്പോഴേക്ക് ബസ്സിലെ എല്ലാവരും എഴുന്നേറ്റിരുന്നു. അപ്പോഴേക്ക് രാത്രി ഒന്നര മണിയായിരിക്കണം. എന്നാൽ ജീവനക്കാർ ഡ്രൈവറെ ന്യായീകരിക്കുകയായിരുന്നു.  ഇത് വെറുതെ വിടില്ല, ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഈ ബസ്സിൽ ഇനി യാത്ര ചെയ്യില്ല എന്നും പറഞ്ഞു. എന്നെ അപ്പോൾ സഹായിച്ചത് കൂടെയുണ്ടായിരുന്ന യാത്രക്കാരാണ്. അവരാണ് വണ്ടി പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്ന് നിർബന്ധം പിടിച്ചത്.  പരാതിയുമായി വിളിച്ച് അരമണിക്കൂറിനകം പൊലീസ് വന്നു”, പരാതിക്കാരി പറയുന്നു.

അതേസമയം, കല്ലട ബസില്‍ യാത്രക്കാരിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബസുടമയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും. സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കുള്ള സൗകര്യങ്ങള്‍ ബസുകളിലുണ്ടെന്ന് ഉറപ്പുവരുത്തും. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ബസ് നിര്‍ത്തിക്കൊടുക്കാത്തത് ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നതെന്നും  അധ്യക്ഷ എം.സി ജോസഫൈന്‍  ‍‍പറഞ്ഞു.

Related Topics

Share this story