Times Kerala

ലോകത്ത് ശുദ്ധമായ കുടിവെള്ളം ലഭിക്കാതെ 220 കോടിയോളം ജനങ്ങള്‍ ജീവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ

 
ലോകത്ത് ശുദ്ധമായ കുടിവെള്ളം ലഭിക്കാതെ 220 കോടിയോളം ജനങ്ങള്‍ ജീവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: ലോകത്ത് ശുദ്ധമായ കുടിവെള്ളം ലഭിക്കാതെ 220 കോടിയോളം ജനങ്ങള്‍ ജീവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. കൂടാതെ 420 കോടിയോളംപേര്‍ക്ക് സുരക്ഷിതമായ ശുചിത്വസേവനങ്ങളും ലഭിക്കുന്നില്ല. യൂണിസെഫും ലോകാരോഗ്യസംഘടനയും (ഡബ്ല്യു.എച്ച്‌.ഒ.) ചേര്‍ന്നുനടത്തിയ പഠനത്തില്‍ 300 കോടിയാളുകള്‍ക്ക് ഏറ്റവും അടിസ്ഥാനമായ കൈ വൃത്തിയാക്കാനുള്ള സൗകര്യംപോലും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

2000 മുതല്‍ 2017 വരെയുള്ള കാലയളവില്‍ കുടിവെള്ളം, ശുചിത്വം, ആരോഗ്യപരിപാലനം എന്നീ മേഖലയിലുണ്ടായ വികസനത്തെക്കുറിച്ചും ഈ മേഖലകളിലെ അസമത്വം സംബന്ധിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദരിദ്രകുടുംബങ്ങളിലുള്ളവര്‍ക്കും ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ് ദുരിതം കൂടുതല്‍. ഇവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും യൂണിസെഫിന്റെ ഡബ്ല്യു.എ.എസ്.എച്ച്‌. വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ കെല്ലി ആന്‍ നെയ്‌ലര്‍ ആവശ്യപ്പെട്ടു. അതേസമയം, ജലത്തിന്റെയും ശുചിത്വത്തിന്റെയും അഭാവത്തില്‍ പ്രതിവര്‍ഷം അഞ്ചുവയസ്സിനുതാഴെയുള്ള 2,97,000 കുട്ടികളാണ് മരിക്കുന്നത്. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, കോളറ, അതിസാരം എന്നിവ മൂലമാണ് മരണങ്ങള്‍ സംഭവിക്കുന്നത് .

Related Topics

Share this story