Times Kerala

ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപകടം പുനഃസൃഷ്ടിച്ച് ക്രൈംബ്രാഞ്ച്; സംശയമുനയിൽ സീറ്റ് ബെൽറ്റുകൾ

 
ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപകടം പുനഃസൃഷ്ടിച്ച് ക്രൈംബ്രാഞ്ച്; സംശയമുനയിൽ സീറ്റ് ബെൽറ്റുകൾ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപകടം പുനഃസൃഷ്ടിച്ച് ക്രൈംബ്രാഞ്ച്. ബാലഭാസ്‌ക്കറിന്റെ വാഹനം അപകടത്തില്‍പ്പെട്ട പള്ളിമുക്കിലാണ് ട്രയല്‍ റണ്‍ നടത്തിയത്. അപകടത്തിൽപെട്ട വാഹനത്തിന്റെ  വിദഗ്ധ പരിശോധനയ്ക്കു പുറമേ വാഹനം ട്രയൽ ഓടിച്ചും അന്വേഷണ സംഘം പരിശോധനകൾ നടത്തി. വാഹനത്തിന്റെ സീറ്റ് ബെൽറ്റുകൾ ഫൊറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയി.

ടൊയോട്ട കമ്പനി നല്‍കിയ ഇന്നോവ കാര്‍ ഉപയോഗിച്ചാണ് അപകടം പുനഃസൃഷ്ടിച്ചത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇന്നോവ സര്‍വീസ് എഞ്ചിനീയേഴ്സ്, ഫോറന്‍സിക് എക്സ്പേര്‍ട്ട്, എന്നിവരും ചേര്‍ന്നാണ് ട്രയല്‍ റണ്‍ നടത്തിയത്. കേസിന്റെ അന്വേഷണ ചുമതലയുള്ള ഡി.വൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ട്രയല്‍ റണ്‍ വീക്ഷിച്ച് കാര്യങ്ങള്‍ വിലയിരുത്തി. അപകട സമയത്തെ കൃത്യമായ സാഹചര്യം മനസിലാക്കാൻ വേണ്ടിയാണ് അപകടം  പുനരാവിഷ്കരിച്ചത്.

മംഗലാപുരം ഭാഗത്തു നിന്നും അഞ്ച് കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചുകൊണ്ടുവന്ന വാഹനം, ബാലഭാസ്‌ക്കറിന്റെ കാര്‍ ഇടിച്ചു കയറിയ മരത്തിന് ഒരുമീറ്റര്‍ അകലെ നിര്‍ത്തി. വാഹനം ഇടിച്ചു കയറിയാലുള്ള സാഹചര്യം ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

അപകടം നടന്നപ്പോള്‍ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്ക് ഏതൊക്കെ രീതിയില്‍ പരിക്ക് സംഭവിച്ചിരുന്നിരിക്കാം എന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ചു. ട്രയല്‍ റണ്‍ നടന്ന സമയത്ത് പ്രദേശത്തെ വാഹന ഗതാഗതം ഹൈവേ പൊലീസ് നിയന്ത്രിച്ചിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലം വന്നതിനു ശേഷം നിഗമനത്തില്‍ എത്തിച്ചേരുമെന്ന് ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ പറഞ്ഞു.

അപകട സമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നത് എന്നത് സംബന്ധിച്ചുള്ള കൃത്യമായ സ്ഥിരീകരണമായിട്ടില്ല. പരുക്കുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അർജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ കണ്ടെത്തൽ. എന്നാൽ ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന അർജുന്റെ മൊഴി നിലനിൽക്കുന്നുമുണ്ട്. അതിനാൽ ശാസ്ത്രീയ തെളിവുകളിലൂടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ സംഘം അന്തിമ തീരുമാനത്തിലെത്തുക.

Related Topics

Share this story