Times Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടുമ്പന്‍ചോല ‘ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ നല്‍കി

 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടുമ്പന്‍ചോല ‘ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ നല്‍കി

ഇടുക്കി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ നല്‍കി. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി എം എം മണി 10 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ധൃതഗതിയിലാണ് നടക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി മന്ത്രിയെ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

സന്നദ്ധ സേന, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച സിവില്‍ ഡിഫന്‍സ് ടീം എന്നിവയുടെ സേവനം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.
ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് സ്‌കൂളില്‍ കരുതൽ വാസ കേന്ദ്രവും (ഡൊമിസലറി കെയർ’ സെൻ്റർ) പ്രവര്‍ത്തനമാരംഭിച്ചു. ഇവിടെ കമ്മ്യൂണിറ്റി കിച്ചണും ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്ത, പ്രത്യക്ഷ രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വേണ്ടിയാണ് കരുതൽ വാസ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.

വാര്‍ഡ് മെമ്പര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ സേന പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം എല്ലാ വാര്‍ഡുകളിലും ശക്തമാണ്. കൊവിഡ് രോഗികളെ ചികിത്സയ്ക്കും, ടെസ്റ്റിംഗ് യാത്രകള്‍ക്കുമായി പഞ്ചായത്ത് തലത്തില്‍ ലഭ്യമാക്കിയിട്ടുള്ള ആംബുലന്‍സ് സൗകര്യത്തിന് പുറമേ ഓരോ വാര്‍ഡ് കേന്ദ്രീകരിച്ചു പ്രത്യേക വാഹന ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി എന്‍ മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സജികുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍.പി സുനില്‍ കുമാര്‍, കെ വി ഷാജി, ബീന ബിജു, ജിജി വര്‍ഗ്ഗീസ്, സെക്രട്ടറി പി വി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story