chem

‘കൊറോണ വൈറസ് വരെ കമിഴ്ന്ന് കിടന്ന് കൊമ്പുകുത്തി ചിരിക്കുകയാണ്, ഇത്തരം മെസേജുകള്‍ ദയവ് ചെയ്ത് ഫോര്‍വേഡ് ചെയ്യാതിരിക്കുക. എന്തൊരവസ്ഥയാണ്’; ഡോക്ടറുടെ കുറിപ്പ്

കോവിഡ് വ്യാപിക്കുന്നതിനേക്കാൾ വേഗത്തിൽ വ്യാപിക്കുകയാണ് വ്യാജ വാര്‍ത്തകളും. ഇത്തരത്തില്‍ പല വ്യാജ വാര്‍ത്തകളും പിന്നീട്  സോഷ്യൽമീഡിയ പൊളിച്ചടുക്കപ്പെടാറുമുണ്ട്. ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്തയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമാണെന്ന് മനസ്സാ വാചാ കര്‍മ്മണാ ലോകാരോഗ്യസംഘടന ഐസിഎംആറിനോട് പറഞ്ഞിട്ടില്ലെന്ന് ഷിംന കുറിക്കുന്നത്.

ഷിംന അസീസിന്റെ കുറിപ്പ് ഇങ്ങനെ,

അരുത്, ഫോര്‍വേഡ് ചെയ്യരുത് !!
അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമാണെന്ന് മനസ്സാ വാചാ കര്‍മ്മണാ ലോകാരോഗ്യസംഘടന ഐസിഎംആറിനോട് പറഞ്ഞിട്ടില്ല. സംശയമുണ്ടെങ്കില്‍ WHOയുടെയോ ICMRന്റെയോ വെബ്‌സൈറ്റില്‍ പോയി തപ്പിക്കോളൂ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് എന്ന ICMRനെ ‘നടുമദ്ധ്യം’ എന്ന് പറയുന്ന കണക്ക് ‘ഐസിഎംആര്‍ ഇന്ത്യ’ എന്ന് പറഞ്ഞതും എന്താണോ എന്തോ !
ഇന്ത്യയില്‍ ഉടനീളം കമ്മ്യൂണിറ്റി എക്‌സ്‌ചേഞ്ച് നടക്കുമെന്നോ അടുത്ത 72108 മണിക്കൂര്‍ പെരക്കകത്ത് കുത്തിയിരിക്കണം എന്നോ അല്ല ഈ പറഞ്ഞ രണ്ട് സ്ഥാപനങ്ങളും പറഞ്ഞിട്ടുള്ളത്, ഇന്ത്യ പഴയ പടിയാവാന്‍ ആഴ്ചകളും മാസങ്ങളും ഒക്കെയെടുക്കുമെന്നാണ്, അതിന് വേണ്ടുന്ന നടപടികള്‍ ചെയ്യണമെന്നാണ്. ഇത്തരം കാര്യങ്ങളുടെ വിശദാംശങ്ങളും നെറ്റിലുണ്ട്. ആവശ്യല്ലാത്ത സകലതും ഗൂഗിള്‍ ചെയ്യുന്നതല്ലേ, ഇതുങ്കൂടി തപ്പരുതോ? നഗര ആശുപത്രികളില്‍ മാത്രമല്ല, ടെക്‌നിക്കലി എല്ലാ ആശുപത്രികളിലും ബെഡ്‌സ്‌പേസ് ഇപ്പോള്‍ കുറവാണ്. ഓക്‌സിജന്‍ എല്ലായിടത്തും എത്തിക്കാന്‍ സിസ്റ്റം നല്ലോണം ചക്രശ്വാസം വലിക്കുന്നുണ്ട്. ഈ കെട്ട കാലത്ത് പറ്റുന്നതും എല്ലാരും വീട്ടിലിരിക്കുന്നത് നല്ലത് തന്നെ, അത് പക്ഷേ, ഇങ്ങനെ ഇല്ലാക്കഥ പറഞ്ഞ് പേടിപ്പിച്ചല്ല ചെയ്യേണ്ടത്.
ഇനി മെസേജില്‍ തുടര്‍ന്നുള്ള ഗമണ്ടന്‍ നിര്‍ദേശങ്ങളിലേക്ക്…
01 ‘ആമാശയം ശൂന്യമാക്കരുത്’
(അതെന്താ, ആമാശയം ഫുള്‍ ആയിരുന്നാല്‍ കോവിഡ് മനം മടുത്ത് കണ്ടം വഴി ഓടുമോ?? )
02 ഉപവസിക്കരുത് അഥവാ ഭക്ഷണം കഴിക്കാതിരിക്കരുത്.
(അപ്പോ പിന്നെ ‘നോമ്പുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍’ എന്ന് പറഞ്ഞ് സുവ്യക്തമായ നിര്‍ദേശങ്ങള്‍ കഴിഞ്ഞ മാസം ലോകാരോഗ്യസംഘടന പുറത്തിറക്കിയതോ? ഉപവസിച്ചാലും ഇല്ലെങ്കിലും വരാനുള്ള കൊറോണ വഴീല്‍ തങ്ങൂല. വേണ്ടത് ശാസ്ത്രീയമായ പ്രതിരോധ മാര്‍ഗങ്ങളാണ്)
03 ദിവസവും ഒരു മണിക്കൂര്‍ തീര്‍ച്ചയായും സൂര്യപ്രകാശം ആസ്വദിക്കുക.
(ആസ്വദിക്കാന്‍ സൂര്യപ്രകാശം എന്താ അവഞ്ചേഴ്‌സിന്റെ സിനിമയോ !! വെറുതേ വെയില്‍ കൊണ്ട് ബാര്‍ബിക്യൂ ആവേണ്ട. ഇനിയിപ്പോ കൊള്ളണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ രാവിലേം വൈകീട്ടും കുറച്ച് നേരം ആയിക്കോട്ടെ, അത് കൊണ്ട് പക്ഷേ കൊറോണ പോവൂല. അതിന് വേണ്ടി വെയില്‍ കൊള്ളേണ്ട)
04 കഴിവുള്ളടത്തോളം എസി ഉപയോഗിക്കാതിരിക്കക.
(പൊതുസ്ഥലത്ത് എസിയിട്ട് അടച്ച് പൂട്ടാതെ വായുസഞ്ചാരം ഉറപ്പ് വരുത്തുന്നത് തന്നെയാ രോഗപ്പകര്‍ച്ച തടയാന്‍ നല്ലത്. അല്ലാതെ വീട്ടില്‍ എസിയിടുന്നത് കൊണ്ടൊന്നും യാതൊരു പ്രശ്‌നവുമില്ല)
05 ചെറുചൂടുള്ള വെള്ളം മാത്രം കുടിക്കുക.
(നേരാ, തൊണ്ടക്ക് ഒരു സുഖമൊക്കെ കിട്ടും. പക്ഷേങ്കില് ഇതോണ്ടൊന്നും കോവിഡ് വൈറസ് ചാവൂല)
06 ഓരോ പച്ചക്കറികളിലും അര ടീസ്പൂണ്‍ പൊടിച്ച ഇഞ്ചി ചേര്‍ക്കുക.
(ഇതൊക്കെ ലോകാരോഗ്യസംഘടന പറഞ്ഞൂന്ന് ശരിക്കും നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ശരിക്കും കാര്യായ തകരാറെന്തോ ഉണ്ട്… പ്രതിരോധശേഷി എന്തെങ്കിലും കഴിച്ച് ‘ഉണ്ടാക്കാന്‍’ കഴിയില്ല. അസ്വാഭാവികമായ ഭക്ഷണശീലങ്ങള്‍ ദഹനസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം)
07 കറുവപ്പട്ട ഉപയോഗിക്കുക.
(നല്ലതാ…. നെയ്‌ച്ചോറ് വയ്ക്കുമ്പൊ ആണെന്ന് മാത്രം… )
08 രാത്രിയില്‍ ഒരു കപ്പ് പാല്‍ ചേര്‍ത്ത് ഒരു ടീസ്പൂണ്‍ മഞ്ഞള്‍ കുടിക്കുക.
(പാല്‍ നെറച്ചും കാല്‍സ്യമാണല്ലോ. ദിവസോം കുടിച്ചോളൂ, എല്ലും പല്ലുമൊക്കെ സ്‌ട്രോങ്ങാവട്ട് !! അപ്പോ കൊറോണ?? നിങ്ങള്‍ കുടിക്കുന്ന കൂട്ടത്തില്‍ അതിനും കൊട് കൊറച്ച് മഞ്ഞള്‍ ഫ്‌ലേവറുള്ള പാല്, ജന്തൂന് സന്തോഷാവട്ട്. വേറേ പ്രത്യേകിച്ച് കാര്യമൊന്നുമില്ല… )
09 വീട്ടില്‍ കര്‍പ്പൂരവും ഗ്രാമ്പൂവും ഉപയോഗിച്ച് പുകയ്ക്കുക.
(കൊറോണ ശ്വാസം മുട്ടി ചാകട്ടെ എന്നാണുദ്ദേശമെങ്കിലും പകരം കൊതുകടിക്ക് അല്പം കുറവുണ്ടാവും എന്ന് മാത്രം… ഹും… )
10 രാവിലെ ചായയില്‍ ഗ്രാമ്പൂ ചേര്‍ത്ത് തിളപ്പിക്കുക.
(ദോഷം പറയരുതല്ലോ, നല്ല ടേസ്റ്റാണ്…. രണ്ട് ഏലക്ക കൂടെ ഇട്ടോളൂ… )
11 പഴങ്ങളില്‍ ഓറഞ്ച് മാത്രം കഴിക്കുക.
(എല്ലാ പഴോം കഴിച്ചോളൂ.. നെറച്ചൂം പോഷകങ്ങളാണ്.)
ഇതൊക്കെ ചെയ്താല്‍ കൊറോണ പോവുമെന്നും പാലില്‍ മഞ്ഞള്‍ കലക്കി കുടിക്കാന്‍ വീണ്ടാമതും മെസേജേട്ടന്‍ പറയുന്നുണ്ട്. രജനി സെര്‍ പറഞ്ഞ പോലെ ‘റിപ്പീട്ടെ…’ ആവും.
കഴിയുന്നത്ര വീട്ടില്‍ തന്നെയിരിക്കുക. അഥവാ പുറത്തിറങ്ങുന്നെങ്കില്‍ മാസ്‌ക് കൃത്യമായി ധരിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, ശാരീരിക അകലം പാലിക്കുക, ഊഴമെത്തുമ്പോള്‍ വാക്‌സിനെടുക്കുക.
ആ പിന്നേ, ഇത്തരം മെസേജുകള്‍ ദയവ് ചെയ്ത് ഫോര്‍വേഡ് ചെയ്യാതിരിക്കുക. കൊറോണ വൈറസ് വരെ കമിഴ്ന്ന് കിടന്ന് കൊമ്പുകുത്തി ചിരിക്കുകയാണ്.
എന്തൊരവസ്ഥയാണ് !!

You might also like

Comments are closed.