Times Kerala

കെഎസ് യുഎം – ഹിറ്റാച്ചി ഇന്ത്യ ഇന്നൊവേഷന്‍ ചലഞ്ചില്‍ കേരള സ്റ്റാര്‍ട്ടപ്പുകള്‍ ജേതാക്കളായി

 
കെഎസ് യുഎം – ഹിറ്റാച്ചി ഇന്ത്യ ഇന്നൊവേഷന്‍ ചലഞ്ചില്‍ കേരള സ്റ്റാര്‍ട്ടപ്പുകള്‍ ജേതാക്കളായി

തിരുവനന്തപുരം: ഹിറ്റാച്ചി ഇന്ത്യ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) സഹകരണത്തോടെ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടത്തിയ ഇന്നൊവേഷന്‍ ചലഞ്ച് ആപ്പത്തോണില്‍ സംസ്ഥാനത്തെ ഡോര്‍വേര്‍ഡ് ടെക്നോളജീസും അഗ്രിമ ഇന്‍ഫോടെക്കും ജേതാക്കളായി. ഹിറ്റാച്ചി ഇന്ത്യയുടെ ഗവേഷണ വികസന വിഭാഗം കണ്ടെത്തിയ സാങ്കേതിക വെല്ലുവിളികള്‍ക്ക് അനുയോജ്യ ഡിജിറ്റല്‍ പ്രതിവിധികള്‍ തേടിയായിരുന്നു ചലഞ്ച്.

ഗ്രാമങ്ങളിലെ കടകളുമായി വിതരണക്കാരെ ബന്ധിപ്പിക്കുന്ന കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോര്‍വേര്‍ഡ് ടെക്നോളജീസ് തെരഞ്ഞെടുത്ത 27 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ഒന്നാം സ്ഥാനം നേടി 20 ലക്ഷം രൂപയുടെ സമ്മാനം സ്വന്തമാക്കി. ചരക്കുപട്ടിക നിയന്തിക്കുന്നതിന് ലളിതമായ പരിഹാരം മുന്നോട്ടുവച്ച കൊച്ചി അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രിമ ഇന്‍ഫോടെക്കിനാണ് രണ്ടാം സ്ഥാനം. അഗ്രിമ ഇന്‍ഫോടെക്കിന് 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. ബെംഗളൂരു ആസ്ഥാനമായ ഡിജിറ്റല്‍ ക്യു പ്ലാറ്റ് ഫോമായ യോബ്നി ടെക് മൂന്നാം സ്ഥാനത്തെത്തി അഞ്ചു ലക്ഷം രൂപ നേടി. വെര്‍ച്വലായി നടന്ന പരിപാടിയിലാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

ഹിറ്റാച്ചി ഇന്ത്യയുടെ ഗവേഷണ വികസന വിഭാഗം കണ്ടെത്തിയ പ്രശ്നങ്ങള്‍ക്ക് നൂതന സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുന്ന ആപ്പത്തോണില്‍ കെഎസ് യുഎമ്മിന്‍റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. ജേതാക്കള്‍ക്കുള്ള വിപണി പിന്തുണ ഹിറ്റാച്ചി ഇന്ത്യ ലഭ്യമാക്കും.

ചെറുകിട- ഇടത്തരം ബിസിനസുകള്‍ നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് ഹിറ്റാച്ചി ഇന്ത്യയുടെ റിസര്‍ച്ച് ഡവലപ്മെന്‍റ് സെന്‍ററുമായി സഹകരിച്ച് നടത്തിയ ഇന്നൊവേഷന്‍ ചലഞ്ചിലേക്ക് രാജ്യത്തെ 125 സ്റ്റാര്‍ട്ടപ്പുകളാണ് അപേക്ഷിച്ചത്.

പ്രവര്‍ത്തന മൂലധന പരിപാലനത്തിലെ ഡിജിറ്റല്‍ പരിഹാരവും ചെറുകിട വ്യാപാരികള്‍ക്ക് ഡിജിറ്റല്‍വത്ക്കരണത്തിനുള്ള പിന്തുണയും അന്തിമ ഉപയോക്താവിന് മെച്ചപ്പെട്ട ഡിജിറ്റല്‍ പ്രതിവിധിയും കണ്ടെത്തുകയായിരുന്നു ചലഞ്ചില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ദൗത്യം.

Related Topics

Share this story