Times Kerala

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യത; മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; തീവ്ര ന്യൂനമര്‍ദമായി മാറിയേക്കും

 
സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യത; മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; തീവ്ര ന്യൂനമര്‍ദമായി മാറിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും, നാളെയോടെ അതിതീവ്രമാകും എന്നാണ് മുന്നറിയിപ്പ്.

ഞായറാഴ്ചയോടെ ന്യൂനമർദ്ദം ടൗടേ ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുലർച്ചെ നാല് മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്തെ തീരമേഖലകളിൽ മഴയും കടലാക്രമണവും തുടരുകയാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും കടൽക്ഷോഭം രൂക്ഷമാണ്.

അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്‌.

ന്യൂനമര്‍ദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച്‌ അലര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്.

അതിതീവ്രമഴയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നേരിടാന്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

അറബിക്കടലിലെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് ടൗട്ടേ. മ്യാന്മറാണ് ചുഴലിക്കാറ്റിന് ഈ പേര് നിര്‍ദ്ദേശിച്ചത്.

Related Topics

Share this story