Times Kerala

പാർലമെന്റിൽ ഗോത്രനൃത്തം ചെയ്ത് പ്രതിഷേധം; ന്യൂസിലൻഡിലെ എം പി പുറത്താക്കപ്പെട്ടു – വീഡിയോ കാണാം

 
പാർലമെന്റിൽ ഗോത്രനൃത്തം ചെയ്ത് പ്രതിഷേധം; ന്യൂസിലൻഡിലെ എം പി പുറത്താക്കപ്പെട്ടു – വീഡിയോ കാണാം

ന്യൂസിലൻഡിലെ മൗറി പാർട്ടിയിലെ നിയമനിർമ്മാതാവായ എം പി രവിരി വൈറ്റിറ്റി പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ടു. പാർലമെന്റിനകത്തു വച്ച് ” ഹക ” എന്ന ഗോത്ര നൃത്തം ചെയ്ത് പ്രതിഷേധമറിയിച്ചതിനാണ് ഈ പുറത്താക്കൽ. ന്യൂസീലൻഡ് സ്വദേശികളുടെ ആരോഗ്യപരിപാലന സംവിധാനത്തെക്കുറിച്ച് നടന്ന ചർച്ചക്കിടെ പ്രതിപക്ഷനേതാക്കൾ വിവേചന ചിന്ത പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചുകൊണ്ട്‌ പലതവണ രവിരി എഴുന്നേറ്റുനിന്നു സംസാരിച്ചു. ഈ സമയം സ്പീക്കർ അദ്ദേഹത്തോട് ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അതനുസരിക്കുന്നതിനു പകരം ഇരിപ്പിടത്തിൽ നിന്നുമിറങ്ങി വന്ന് ‘ഹക ‘ നൃത്തം ചെയ്യുകയായിരുന്നു. ഏതെങ്കിലും തരത്തിൽ തർക്കം നിലനിൽക്കുന്ന സമയത്ത് വെല്ലുവിളിക്കാനായി ചെയ്യുന്നതാണ് ഹക നൃത്തം. കാലുകൊണ്ട് നിലത്ത് ചവിട്ടി ഉറക്കെ ചൊല്ലിയാണ് ഇത് ചെയ്യുന്നത്. എം പി യുടെ ഈ പെരുമാറ്റത്തിന് തൊട്ടുപിന്നാലെ ഇദ്ദേഹം സഭ വിട്ട് പുറത്തുപോകണമെന്നു സ്പീക്കർ ആവശ്യപ്പെട്ടു. നിയമനിർമ്മാതാക്കൾ പാലിക്കേണ്ട വസ്ത്രധാരണ രീതിയല്ല രവിരി വൈറ്റിറ്റിയുടേത്. ഇതുപ്രകാരം ടൈ കെട്ടാത്തതിന് ഇദ്ദേഹത്തെ മൂന്ന് മാസം മുൻപ് പുറത്താക്കിയിരുന്നു.

Related Topics

Share this story