Times Kerala

48 മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കണം; മമതയ്ക്ക് റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍റെ അന്ത്യശാസനം

 
48 മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കണം; മമതയ്ക്ക് റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍റെ അന്ത്യശാസനം

ബംഗാളില്‍ ആറ് ദിവസമായി തുടരുന്ന റസിഡന്‍റ് ഡോക്ടേഴ്സിന്‍റെ സമരത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ദില്ലി എയിംസിലെ റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍(ആര്‍ഡിഎ). 48 മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നാണ് അസോസിയേഷന്‍റെ അന്ത്യശാസനം. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങും എന്നും എയിംസ് ആര്‍ഡിഎ അറിയിച്ചു.

കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്തതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്. സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി മമത സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന മമതയുടെ ആവശ്യം ഡോക്ടര്‍മാര്‍ തള്ളി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിങ്കളാഴ്ച അഖിലേന്ത്യാ തലത്തില്‍ പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനെ കണ്ടു. അക്രമികള്‍ക്കെതിരേ നടപടിയെടുക്കുന്നതിനു പകരം ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും അന്ത്യശാസനം നല്‍കുകയുമാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചെയ്യുന്നതെന്ന് ഹര്‍ഷ്‌വര്‍ധന്‍ കുറ്റപ്പെടുത്തി.

Related Topics

Share this story