Times Kerala

മാലെഗാവ് സ്‌ഫോടനക്കേസിലെ 4 പ്രതികള്‍ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

 
മാലെഗാവ് സ്‌ഫോടനക്കേസിലെ 4 പ്രതികള്‍ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

മുംബൈ: 2006ലെ ഒന്നാം മാലെഗാവ് സ്‌ഫോടനത്തിനു പിന്നില്‍ ഭൂരിപക്ഷ വിഭാഗമാണെന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ കണ്ടെത്തലുകളെ തള്ളി ബോംബെ ഹൈക്കോടതി 4 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ഇവര്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 6 കൊല്ലം മുന്‍പ് അറസ്റ്റിലായ ധന്‍ സിങ്, ലോകേഷ് ശര്‍മ, മനോഹര്‍ നര്‍വാരിയ, രാജേന്ദ്ര ചൗധരി എന്നിവര്‍ക്കാണു ജാമ്യം അനുവദിച്ചത്.

2006 സെപ്റ്റംബര്‍ 8നു കബര്‍സ്ഥാനു സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ 31 പേരാണു മരിച്ചത്. നൂറോളം പേര്‍ക്കു പരുക്കേറ്റു. ആദ്യം കേസ് അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) ന്യൂനപക്ഷ വിഭാഗത്തിലെ 9 പേരെ അറസ്റ്റ് ചെയ്തു. പിന്നീടെത്തിയ സിബിഐയും എടിഎസിനെ ശരിവച്ചു. എന്നാല്‍, എന്‍ഐഎ 9 പേരെയും കുറ്റവിമുക്തരാക്കി പുതിയ 4 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ സ്‌ഫോടനത്തിലൂടെ വര്‍ഗീയലഹളയ്ക്ക് ശ്രമിച്ചെന്നാണ് എടിഎസും സിബിഐയും കണ്ടെത്തിയത്. അതേസമയം, ഭൂരിപക്ഷ വിഭാഗമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. എടിഎസ് അറസ്റ്റുചെയ്തവരെ കുറ്റവിമുക്തരാക്കിയ എന്‍ഐഎ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. ആദ്യ അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ എന്‍ഐഎ കോടതി അവഗണിക്കരുതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

Related Topics

Share this story