Times Kerala

മമതാ ബാനര്‍ജിയുടെ താക്കീതിന് മുന്നില്‍ സമരം അവസാനിപ്പിക്കില്ലന്ന്‍ 4 ദിവസമായി സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍

 
മമതാ ബാനര്‍ജിയുടെ താക്കീതിന് മുന്നില്‍ സമരം അവസാനിപ്പിക്കില്ലന്ന്‍ 4 ദിവസമായി സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ താക്കീതിന് മുന്നില്‍ സമരം അവസാനിപ്പിക്കില്ലെന്ന് പശ്ചിമംബംഗാളിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ നാല് ദിവസമായി സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍. നാലു മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്തപക്ഷം കടുത്ത നടപടിയിലേക്ക് കടക്കുമെന്നായിരുന്നു മമത പറഞ്ഞത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

സമരത്തിന് പിന്നില്‍ ബി.ജെ.പി ഗൂഢാലോചനയുണ്ടെന്നും മമത പറഞ്ഞിരുന്നു. ‘ ഇതിന് പിന്നില്‍ ബി.ജെ.പിയാണ്. ആശുപത്രി നടപടികളെ ഇവര്‍ മനപൂര്‍വം താറുമാറാക്കുകയാണ്. ഇത് ഇന്നത്തോടെ അവസാനിപ്പിക്കണം”- എന്നായിരുന്നു മമത പറഞ്ഞത്.

മമതയുടെ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഡോക്ടര്‍മാരുടെ സംഘം ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ കണ്ടിരുന്നു. കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ടെന്നും, അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയോട് സംസാരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഡോക്ടര്‍മാരുടെ സംഘം പറയുന്നു.

സമരം ചെയ്യുന്ന എന്‍.ആര്‍.എസ് ആശുപത്രിയിലെ ഡോക്ടര്‍മാരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മമതയ്ക്ക് മുന്‍പില്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു.

Related Topics

Share this story